ഗുരുവായൂരിൽ ഗതാഗത സംവിധാനം അടിമുടി മാറും; പുതിയ പരിഷ്ക്കാരങ്ങൾ ഇങ്ങനെ
Mail This Article
ഗുരുവായൂർ ∙ മേൽപാലം നിർമിച്ചിട്ടും കിഴക്കേനടയിൽ ഗതാഗതക്കുരുക്ക് ഒഴിയാത്ത സാഹചര്യത്തിൽ നഗരമാകെ ഗതാഗത പരിഷ്കാരം ഏർപ്പെടുത്താൻ ട്രാഫിക് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. പാലം ഇറങ്ങി മഞ്ജുളാൽ ജംക്‌ഷനിൽ എത്തുന്ന വലിയ വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞുപോകണം. ചെറു വാഹനങ്ങൾക്കു ക്ഷേത്രത്തിനു മുന്നിലേക്കു പോകാം. ഒരു വാഹനവും വലത്തേക്കു തിരിയാൻ അനുവദിക്കില്ല.
ഔട്ടർറിങ്റോഡ് പൂർണമായും വൺവേ ആക്കും. ഇന്നർറിങ് റോഡിൽ വൺവേ എതിർദിശയിലാക്കും. മമ്മിയൂർ അത്താണി ജംക്‌ഷൻ മുതൽ കൈരളി വരെ വലിയ വാഹനങ്ങൾ ഇരു ഭാഗത്തേക്കും അനുവദിക്കില്ല. കുന്നംകുളം, ചാവക്കാട് നിന്നു വരുന്ന ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ മുതുവട്ടൂർ, പടിഞ്ഞാറേനട, കൈരളി വഴി ബസ് സ്റ്റാൻഡിൽ എത്തണം. തിരികെ പടിഞ്ഞാറേനട, മുതുവട്ടൂർ വഴി പോകണം.
മഞ്ജുളാൽ ഭാഗത്ത് പാലത്തിന്റെ സർവീസ് റോഡ് ഉപയോഗിക്കുന്നവർ പെട്രോൾ പമ്പിനു സമീപത്തു കൂടി വലതു വശം ചേർന്ന് പോയി യൂണിയൻ ബാങ്കിനു മുന്നിലൂടെ തിരിച്ചുവരണം. പാലത്തിന്റെ കിഴക്കേ ഭാഗത്ത് നെന്മിനി, കർണംകോട് ബസാർ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ പാലത്തിനു സമീപം ഇടതു തിരിഞ്ഞ് വൺവേ ആയി തൃശൂർ റോഡിൽ കയറണം. തിരുവെങ്കിടം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പാലത്തിന് കിഴക്ക് ഭാഗത്ത് 30 മീറ്റർ ദൂരെ നിർമിക്കുന്ന റൗണ്ട് എബൗട്ടിൽ തിരിഞ്ഞു വന്ന് പാലം കയറണം.
യോഗത്തിലുണ്ടായ ഈ നിർദേശങ്ങൾ ട്രാഫിക് ഉപദേശക സമിതിയിൽ അവതരിപ്പിക്കും. തിങ്കളാഴ്ച നടപ്പാക്കും. റെയിൽവേ സ്റ്റേഷനിൽ പ്രീ പെയ്ഡ് ഓട്ടോ സംവിധാനം ഉടൻ ആരംഭിക്കും. സ്റ്റേഷന്റെ വടക്ക് ഭാഗത്ത് ഫുട്ഓവർ ബ്രിജിന് സമീപം ഓട്ടോ നിർത്തി യാത്രക്കാരെ കയറ്റുന്നതു നിർത്തും. യോഗത്തിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ജോയിന്റ് ആർടിഒ അബ്ദുറഹ്മാൻ, സിഐ സി.പ്രേമാനന്ദകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.