137 വർഷം മുൻപൊരു ഗുരുവായൂർ ഏകാദശി; അന്നും വൻതിരക്ക്
Mail This Article
ഗുരുവായൂർ ∙ ഗുരുവായൂരിൽ ഏറ്റവുമധികം ജനങ്ങൾ എത്തുന്നത് ഏകാദശിക്കാണ്. 137 കൊല്ലം മുൻപ് 1886 ഡിസംബർ 7ന് ഏകാദശി ആയിരുന്നു. അന്ന് ഒരേ സമയം 8000 പേർ വരെ എത്തിയിരുന്നു. ഇവർക്ക് മികച്ച ആരോഗ്യ ശുചിത്വ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു. അക്കൊല്ലം ഡിസംബർ 6 മുതൽ 9 വരെയായിരുന്നു ആഘോഷം. 1886ലെ ഏകാദശിയെക്കുറിച്ച് അന്നത്തെ മദിരാശി സർക്കാരിന്റെ പൊതുഭരണ വകുപ്പ് തയാറാക്കിയ രേഖകൾ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജനൽ ആർക്കൈവ്സ് രേഖകളിലുണ്ട്. മലബാർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗം മുൻ മേധാവി പ്രഫ. ഡോ. എം.സി.വസിഷ്ഠ് തന്റെ ഗവേഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണിതു കണ്ടെത്തിയത്.
ഏകാദശിക്ക് എത്തിയിരുന്നവർ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലുമാണു കഴിഞ്ഞത്. കിണറുകളും കുളങ്ങളും ധാരാളം. വെള്ളത്തിന്റെ ഗുണനിലവാരം മികച്ചതായിരുന്നു.
ക്ഷേത്രക്കുളം ഉയർന്ന ജാതിക്കാർക്കു മാത്രമായിരുന്നു. മറ്റുള്ളവർ പരിസരത്തെ കുളങ്ങൾ ഉപയോഗിച്ചു. വിലക്കുറവിൽ ആയിരക്കണക്കിന് ഇളനീരാണു വിൽപനയ്ക്കുണ്ടായിരുന്നത്. ഭക്തർ തന്നെ ഇളനീർ വാങ്ങി സൗജന്യമായി സാധുക്കൾക്കു നൽകിയിരുന്നു. അതിനാൽ തണ്ണീർ പന്തലുകൾ കുറവായിരുന്നു.
പകർച്ചവ്യാധികൾ ഉണ്ടാകാതെ ആരോഗ്യ വിഭാഗം നടപടി സ്വീകരിച്ചു. താൽക്കാലിക ശുചിമുറികൾ നിർമിച്ചു. വൃത്തിയാക്കാൻ പണിക്കാരെ നിയോഗിച്ചു. പകർച്ച വ്യാധി ഒന്നു പോലും റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞ 2 വർഷങ്ങളിലേതു പോലെ തന്നെ ഇക്കൊല്ലവും കോളറ റിപ്പോർട്ട് ചെയ്തില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്ര പരിസരത്ത് പൊലീസിനെ നിയോഗിച്ചിരുന്നു.
1887 ഫെബ്രുവരി 4നു ഹോസ്പിറ്റൽ അസിസ്റ്റന്റ് കെ.ഏബ്രഹാമും ഫെബ്രുവരി 24നു ഡപ്യൂട്ടി കലക്ടർ പി.കരുണാകര മേനോനും തയാറാക്കിയ റിപ്പോർട്ടുകൾ മലബാർ കലക്ടർ വില്യം ലോഗനു സമർപ്പിച്ചു. ആരോഗ്യ കാര്യത്തിൽ അന്നത്തെ ഭരണാധികാരികൾ ഏറെ ശ്രദ്ധിച്ചിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമാണ്.