ADVERTISEMENT

മുളങ്കുന്നത്തുകാവ്  ∙ അനസ്തീസിയ നൽകാതെ തന്നെ തലച്ചോറിലെ മുഴ നീക്കം ചെയ്യുന്ന ശ്രമകരമായ ശസ്ത്രക്രിയ വിജയകരമാക്കി തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർമാർ. കൈപ്പറമ്പ് സ്വദേശിയായ നാൽപത്തൊന്നു വയസ്സുകാരിയെയാണു 6 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയത്. തലച്ചോറിൽ മനുഷ്യന്റെ സംസാരം നിയന്ത്രിക്കുന്ന പ്രധാന ഭാഗത്തായിരുന്നു മുഴ. അനസ്തീസിയ നൽകി ഈ ഭാഗത്തു ശസ്ത്രക്രിയ നടത്തിയാൽ സംസാര ശേഷി നഷ്ടപ്പെടും. അതിനാൽ അനസ്തീസിയ നൽകാതെ രോഗിയോടു ശസ്ത്രക്രിയയിൽ ഉടനീളം സംസാരിച്ചാണു ഡോക്ടർമാരുടെ സംഘം മുഴ നീക്കം ചെയ്തത്.

ആശുപത്രി സൂപ്രണ്ട് കൂടിയായ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ബി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ‘എവേക്ക് ക്രാനിയോട്ടമി’ എന്ന രീതിയിലൂടെയാണ് ഡോക്ടർമാർ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സ്വകാര്യ മേഖലയിൽ 5 ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയ സൗജന്യമായാണു നടത്തിയത്. രോഗി സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടർമാർ അറിയിച്ചു.

അനസ്തീസിയ വിഭാഗം മേധാവി ഡോക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽ ഡോ. ബിന്ദു, ഡോ. നിഹിത എന്നിവരും ദൗത്യത്തിൽ പങ്കാളികളായി. ഒരു കോടി രൂപ വീതം ചെലവഴിച്ച് സ്റ്റീരിയോ സ്റ്റാറ്റിക് ഫ്രെയിം ഉപയോഗിച്ച് ഡീ‌പ് ബ്രെയിൻ സ്റ്റിമുലേഷൻ ശസ്ത്രക്രിയകൾ നടത്തുന്നതിന് തൃശൂർ, കോട്ടയം ഗവ.മെഡിക്കൽ കോളജ് ആശുപത്രികളിൽ സൗകര്യം ഒരുക്കുന്നതിനുള്ള സർക്കാർ നടപടികൾ പുരോഗമിക്കുന്നതായി ഡോ.ബി.എസ്. സുനിൽകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com