തച്ചപ്പിള്ളി പാലം പരിസരത്ത് പൈപ്പ് പൊട്ടി ജലം പാഴാകുന്നു
Mail This Article
കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ നഗരസഭ, എറിയാട്, എടവിലങ്ങ് പ്രദേശത്തേക്കു വെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റി പൈപ്പ് പൊട്ടി രണ്ടാഴ്ചയായി വെള്ളം പാഴാകുന്നു. നഗരസഭ – പുത്തൻചിറ പഞ്ചായത്ത് അതിർത്തി പ്രദേശമായ തച്ചപ്പിള്ളി പാലത്തിനു സമീപമാണ് 2 ആഴ്ചയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
വൈന്തല ടാങ്കിൽ നിന്നു നാരായണമംഗലം ടാങ്കിലേക്കും എറിയാട് കുറിഞ്ഞിപ്പുറം ടാങ്കിലേക്കും വെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. രൂക്ഷമായ ശുദ്ധജലക്ഷാമം മൂലം വെള്ളത്തിനായി ദിവസങ്ങളും ആഴ്ചകളും കാത്തിരിക്കുമ്പോഴാണ് ഇത്തരമൊരു ദുരവസ്ഥ. കനോലി കനാലിനോടു ചേർന്ന് ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്തു കിണറുകളിലും മറ്റു ജലസ്രോതസ്സുകളിലും ശുദ്ധജലമില്ല.
ജല അതോറിറ്റി പൈപ്പിലൂടെയുള്ള വെള്ളം മാത്രമാണ് ഇവിടങ്ങളിൽ ആശ്രയം. അതേസമയം, ചന്തപ്പുരയിൽ ആറുവരി പാത നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ് മാറ്റി സ്ഥാപിക്കൽ ഉടൻ നടക്കും. അതോടൊപ്പം പുല്ലൂറ്റ് തച്ചോളി പാലം പരിസരത്തും ജല അതോറിറ്റി പൈപ്പ് അറ്റകുറ്റപ്പണി നടത്തുമെന്നാണ് കരുതുന്നത്.