ADVERTISEMENT

മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഇനി മുതൽ താമസ സൗകര്യം തേടി അലയേണ്ടതില്ല. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ആശ്വാസ് വാടകവീട് പദ്ധതി ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ താമസിക്കാൻ സൗകര്യമൊരുക്കും. മെഡിക്കൽ കോളജ് ക്യാംപസിൽ 53 സെന്റ് സ്ഥലത്ത് 4 കോടി രൂപ ചെലവിലാണ് താമസിക്കാൻ ഇരുനില മന്ദിരം നിർമാണം പൂർത്തീകരിച്ചത്.  തൃശൂർ മെഡിക്കൽ കോളജിലാണ് സംസ്ഥാനത്ത് ആദ്യമായി പദ്ധതി പ്രവർത്തന സജ്ജമാകുന്നത്. മറ്റു ഗവ. മെഡിക്കൽ കോളജുകളിലും ഈ വർഷം തന്നെ കെട്ടിട നിർമാണം പൂർത്തീകരിക്കുമെന്നു മന്ദിരം ഉദ്ഘാടനം ചെയ്ത മന്തി കെ.രാജൻ അറിയിച്ചു.

ഒരേ സമയം 75 പേർക്കു താമസിക്കാൻ ഇവിടെ സൗകര്യമുണ്ടാകും. 27 ബാത്ത് അച്ചാച്ച്ഡ് മുറികളും 48 കിടക്കകളുള്ള ഡോർമെട്രിയും ഇരുനില മന്ദിരത്തിൽ തയാറായി. ഇതിന് പുറമെ ടവർ റൂമും പ്രത്യേകമായി സജ്ജകരിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നു ചികിത്സ തേടിയെത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും ആശ്വാസ് വാടക വീട് ഏറെ സഹായകമാകും. കീമോ തെറപ്പി, റേഡിയേഷനും ഡയാലിസിസിനും എത്തുന്നവർ, ശസ്ത്രകിയയ്ക്കു വിധേയരാകുന്ന രോഗികളുടെ ബന്ധുക്കൾ തുടങ്ങിയവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും. കെട്ടിടത്തിന്റെ നിർമാണം മാത്രമാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. ഫർണിച്ചറും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.

മന്ദിരത്തിന്റെ നടത്തിപ്പ് ചുമതല മെഡിക്കൽ കോളജിനാണ്. ദൈനംദിന പ്രവർത്തനങ്ങളുടെ നിയന്ത്രണം ആശുപത്രി വികസന സൊസൈറ്റിയെ ഏൽപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി രാജൻ പറഞ്ഞു. ആശുപത്രിയിൽ നിന്നു ലഭിക്കുന്ന ആവശ്യമായ  ചികിത്സാ രേഖകൾ ഹാജരാക്കുന്ന രോഗികൾക്ക്  ഒഴിവു വരുന്ന മുറയ്ക്കാകും മുറികൾ അനുവദിക്കുക. കുടുംബശ്രീയുടെ സേവനം ഉപയോഗപ്പെടുത്തി മന്ദിരത്തിൽ ലഘു ഭക്ഷണത്തിന് സൗകര്യമൊരുക്കാനും ആലോചനയുണ്ട്. സ്ഥാപനം നടത്തിക്കൊണ്ട് പോകുന്നിനുള്ള മാനദണ്ഡങ്ങളും മുറികളുടെ വാടക നിരക്കും താമസ സൗകര്യം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈകാതെ തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com