ADVERTISEMENT

തൃശൂർ ∙ "എന്റെ മനസ്സിൽ ഒരു സ്വപ്നമുണ്ട്. ഇന്ത്യയെ തോമാ ശ്ലീഹയുടേതാക്കി തിരിച്ചെടുക്കാൻ കർത്താവ് നിശ്ചയിക്കുന്ന സമയത്ത് മാർ തട്ടിൽ പിതാവ് പോയതു പോലെ തിരിച്ചുവരും. അത് മൗണ്ടിലേക്കായിരിക്കും.." പറഞ്ഞതു മാർ ജേക്കബ് തൂങ്കുഴിയാണ്. അതു വെറുതേയായില്ല. സീറോ മലബാർ സഭയുടെ വിധി മാറ്റിയെഴുതാൻ ത്രാണിയുളള പ്രവചനമായി മാറി ആ വാക്കുകൾ.

മാർ റാഫേൽ തട്ടിൽ ഷംഷാബാദ് രൂപതയുടെ ചുമതലയേറ്റ സമയത്തു മാർ ജേക്കബ് തൂങ്കുഴി എഴുതിയ ലേഖനത്തിലാണു തട്ടിൽ പിതാവ് തിരിച്ചുവരുമെന്നു പ്രവചിച്ചത്. ഭാരതത്തിലെ സഭ മുഴുവൻ തട്ടിൽ പിതാവിനെ ഉറ്റുനോക്കുമ്പോൾ, കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമ ജീവിതം നയിക്കുന്ന മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി അദ്ദേഹത്തെപ്പറ്റി: 

∙തട്ടിൽ പിതാവു തിരിച്ചുവരും എന്ന് അന്നു പറയാൻ തോന്നിപ്പിച്ചതെന്താണ് ? 

ഏൽപിക്കപ്പെടാൻ പോകുന്ന അജഗണത്തെക്കുറിച്ചു ധാരണ ഉള്ള ആളായിരിക്കണം ഇടയനാവേണ്ടത്. ഇന്ത്യ മുഴുവനുമുള്ള സഭാംഗങ്ങളെക്കുറിച്ചു അറിവു ലഭിക്കാനുള്ള അവസരമായിരുന്നു ഷംഷാബാദിലെ നേതൃത്വം തട്ടിൽ പിതാവിനു സമ്മാനിച്ചത്. 

ഷംഷാബാദ് ദൗത്യത്തോടെ ഈ സ്ഥാനം ലഭിക്കാനുള്ള യോഗ്യതകൾ അദ്ദേഹം സമ്പാദിച്ചു. മാത്രമല്ല, അദ്ദേഹവുമായുള്ള ദീർഘ കാലത്തെ അടുപ്പവും എല്ലാവരെയും ഒന്നിച്ചു നിർത്താനുള്ള അസാമാന്യ പാടവവും എന്നിൽ അന്നു തന്നെ ഈ ഒരു ചിന്ത ഉണർത്തിയിരുന്നു. സീറോ മലബാർ സഭയെ ഒരിക്കൽ അദ്ദേഹം നയിക്കുമെന്ന്. ഇന്നു സഭയിൽ എന്തുകൊണ്ടും ഈ സ്ഥാനം ഏറ്റെടുക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി തന്നെയാണ് മാർ റാഫേൽ തട്ടിൽ. 

∙തട്ടിൽ പിതാവിൽ അങ്ങു കണ്ട ഏറ്റവും വലിയ ഗുണം ?

അത് അദ്ദേഹത്തിലെ മനുഷ്യത്വംതന്നെ. ആരെയും അദ്ദേഹം മാറ്റിനിർത്തിയില്ല. എല്ലാവരെയും ഒരുപോലെ കണ്ടു. ലാളിത്യവും മറ്റുള്ളവരിലേക്കു സന്തോഷം പകർന്നു നൽകാനുള്ള കഴിവും എല്ലാവരെയും ആകർഷിക്കും. നല്ല ക്ഷമയും ഉണ്ട്. ചിരിച്ചല്ലാതെ കാണാൻ പ്രയാസമായിരുന്നു. മുളയം സെമിനാരി ആരംഭിച്ച കാലത്ത് അദ്ദേഹത്തെ റെക്ടറായി നിയമിച്ചു. ഒരിക്കൽ അവിടെ ചെല്ലുമ്പോൾ റെക്ടറച്ചൻ കുട്ടികളോടൊപ്പംനിന്നു കിളയ്ക്കലും മറ്റു പണികളും ചെയ്യുകയാണ്. 

∙ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ മാർ തട്ടിലിന്റെ നേതൃത്വത്തിൽ എത്ര മാത്രം പ്രതീക്ഷയുണ്ട് ? 

വലിയ പ്രതീക്ഷ ഉണ്ട്. പ്രതിസന്ധി വേളയിൽ ദൈവം പ്രത്യേകമായി ഒരുക്കി നിയോഗിക്കുന്ന ഒരു ഇടയനായാണു ഞാൻ മാർ തട്ടിലിനെ കാണുന്നത്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ അദ്ദേഹത്തിനു കഴിയും. സഭയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടും. തീർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com