‘‘തട്ടിലച്ചാ...’’ എന്നും കാതോർത്തത് ഈ വിളിക്ക്
Mail This Article
തൃശൂർ ∙ സഹായമെത്രാനായി നിയമിതനായശേഷം ഇടവക സന്ദർശനത്തിനെത്തിയപ്പോൾ വിശ്വാസികളിലൊരാൾ ‘തട്ടിലച്ചാ...എന്ന് വിളിച്ചപ്പോൾ ‘അരുത്...ഇനി അങ്ങനെ വിളിക്കരുത്, പിതാവേ എന്നു വേണം ബിഷപ്പുമാരെ വിളിക്കാൻ’ എന്നു തിരുത്തിയ വികാരിയോടു മാർ റാഫേൽ തട്ടിൽ പറഞ്ഞു. ‘ഞാൻ എന്നും നിങ്ങളുടെ തട്ടിലച്ചനാണ്..ബിഷപ്പായാലും മാർപാപ്പയായാലും എന്നെ തട്ടിലച്ചാ എന്നു വിളിച്ചാൽ മതി.’ നിഷ്കളങ്കതയോടെ മനസ്സിലുള്ളത് സ്വതസിദ്ധമായ ശൈലിയിൽ വെട്ടിത്തുറന്നു പറയുന്ന മാർ റാഫേൽ തട്ടിലിന്റെ ഈ സ്നേഹപൂർവമായ ഈ നിർദേശം പ്രിയപ്പെട്ടവർ ഇപ്പോഴും പാലിക്കുന്നു. സിറോമലബാർ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിൽ പ്രിയപ്പെട്ടവർക്കു തട്ടിലച്ചനാണ്.
വിശ്വാസികളുടെ ഹൃദയങ്ങളെയും ചേർത്തുപിടിച്ചാണ് തൃശൂർ അതിരൂപതയുടെ പദവികൾ ഓരോന്നും മാർ റാഫേൽ തട്ടിൽ കയറിയത്. വികാരിമാരുടെ വികാരി എന്നറിയപ്പെടുന്ന അതിരൂപത വികാരി ജനറൽ സ്ഥാനത്തിരിക്കുമ്പോൾ ഓരോ ഇടവകയുടെയും കാര്യങ്ങളിലും ഇടപെടാനും വൈദികരെ ചേർത്തു നിർത്താനും സാധിച്ചു. ഏൽപ്പിക്കപ്പെടുന്ന ദൗത്യം ആത്മാർഥമായി പൂർത്തിയാക്കാൻ മാർ റാഫേൽ തട്ടിൽ പദവികൾ ഉപയോഗിച്ചു.
മതസൗഹാർദത്തിന്റെ പ്രചാരകനായിരുന്ന അദ്ദേഹം മതസൗഹാർദ സമ്മേളന വേദികളിൽ മുഖ്യപ്രഭാഷകനായിരുന്നു. എല്ലാ വിഭാഗം സഭാ വിശ്വാസികളുമായി അടുത്ത ബന്ധം പുലർത്തി. സഭയിൽനിന്ന് അകന്നുപോയവരെ സഭയിലേക്കു ചേർത്തുപിടിക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾ വഴി സാധിച്ചു. ഭിന്നിച്ചുനിൽക്കുന്ന കൂട്ടായ്മകളിലേക്കു മധ്യസ്ഥനായി കടന്നുചെല്ലാനും അവരെ കേൾക്കാനും തയാറായി. വഹിച്ച പദവികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കുവാൻ സാധിച്ചു.
തൃശൂരിന്റെ ജനകീയമുഖമായ വൈദികൻ എന്ന ലേബൽ അദ്ദേഹത്തിനു ചാർത്തിക്കിട്ടി. സാധാരണക്കാരുമായും വലിയ ബിസിനസുകാരുമായും ഒരേ ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ജനകീയ വിഷയങ്ങളിൽ പലതിലും ഇടപെട്ട് തൃശൂരിന്റെ സമ്മേളനവേദികളിൽ ആഞ്ഞടിച്ച് പൊതുജന ശ്രദ്ധനേടിയിട്ടുണ്ട്. തൃശൂരിന്റെ സാംസ്കാരിക ഉത്സവമായ ബോൺ നത്താലെ ആവിഷ്കരിച്ചതിനു നേതൃത്വം നൽകി.
സദാ പുഞ്ചിരിക്കുന്ന മുഖവുമായി നർമം കലർത്തി കാര്യം അവതരിപ്പിക്കുന്ന പ്രസംഗശൈലിമൂലം ബൈബിൾ കൺവൻഷനുകളിലും കുടുംബക്കൂട്ടായ്മകളിലുമെല്ലാം ‘തട്ടിലച്ചൻ’ താരമായി. തൃശൂരിൽനിന്നു ഷംഷാബാദ് രൂപതയുടെ ചുമതല ഏറ്റെടുത്ത് പോയപ്പോഴും തൃശൂരുമായി ആത്മബന്ധം നിലനിർത്തി.