ADVERTISEMENT

തൃശൂർ ∙ മേഘാലയയിലെ ഷില്ലോങ്ങിൽ നിന്നു തപാൽ മാർഗമെത്തിച്ച 4.70 കിലോ കഞ്ചാവ് പോസ്റ്റ് ഓഫിസിൽ നിന്ന് ഒപ്പിട്ടു കൈപ്പറ്റുന്നതിനിടെ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. പൂത്തോളിലെ വിവ ഫിറ്റ്നസ് സെന്ററിൽ ട്രെയിനറായ ആലപ്പുഴ കായംകുളം ഗോവിന്ദമുട്ടം തുണ്ടത്തിൽ ആദേശിനെ (30) ആണു കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനും എക്സൈസും ചേർന്നു പിടികൂടിയത്. 7 മാസം മുൻപ് 5 കിലോ കഞ്ചാവുമായി ഇതേ ജിംനേഷ്യത്തിന്റെ ഉടമ വി.പി. വിഷ്ണു അറസ്റ്റിലായിരുന്നു. ആദേശ് പിടിക്കപ്പെട്ടതിനു പിന്നാലെ വിഷ്ണു ഒളിവിൽപോയി. ജിം റെയ്ഡ് ചെയ്യാനെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച മറ്റൊരു യുവാവിനെ 100 ഗ്രാം കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. 

ഇന്നലെ വൈകിട്ടു 3 മണിയോടെയാണു സംഭവങ്ങൾ. ഷില്ലോങ്ങിലെ വൻ കഞ്ചാവു റാക്കറ്റ് തപാലിലൂടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കു കഞ്ചാവും ഹഷീഷും ഹെറോയിനും കടത്തുന്നതായി കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. ജിം ഉടമ വിഷ്ണു കഴിഞ്ഞ ജൂലൈ 5നു ഗുവാഹത്തിയിൽ നിന്നു തപാൽ മാർഗമെത്തിച്ച കഞ്ചാവുമായി പിടിക്കപ്പെട്ടതിനു പിന്നാലെ കസ്റ്റംസ് നിരീക്ഷണം സജീവമാക്കിയിരുന്നു. ജാമ്യം നേടി വിഷ്ണു പുറത്തിറങ്ങിയതിനു പിന്നാലെ കഞ്ചാവു കടത്തു വീണ്ടും തുടങ്ങിയെന്നും ജിമ്മിലെ ട്രെയിനർമാരിൽ ചിലരെ ഉപയോഗിച്ചാണ് ഇടപാടുകളെന്നും കണ്ടെത്തി. ചില അഭിനേതാക്കളടക്കം ഇവരുടെ ഉപഭോക്താക്കളാണെന്നും വ്യക്തമായി. ഷില്ലോങ്ങിലെ വില്ലാ ഹൗസ് എന്ന സ്ഥാപനം തുകൽ ഉൽപന്നങ്ങളെന്ന പേരിലാണു കഞ്ചാവ് കയറ്റിവിടുന്നതെന്നു വ്യക്തമായതോടെ താലൂക്ക് ഓഫിസ് പരിസരത്തെ പോസ്റ്റ് ഓഫിസിൽ കസ്റ്റംസ് വിവരം നൽകിയിരുന്നു. 

രാമനിലയത്തിനു സമീപത്തെ ലെതർ ക്രാഫ്റ്റ് എന്ന വ്യാജ വിലാസത്തിലേക്ക് ഇന്നലെ ഉച്ചയോടെ പാഴ്സൽ എത്തിയപ്പോൾ തന്നെ ജീവനക്കാർ കസ്റ്റംസിനെ വിവരമറിയിച്ചു. ആദേശ് അറസ്റ്റിലായ ഉടൻ വിഷ്ണു സ്ഥലംവിട്ടു. ഇയാൾക്കെതിരെ കേസെടുക്കുകയും അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടുണ്ട്. പടിഞ്ഞാറേക്കോട്ടയിലെ പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിൽ വിഷ്ണു സൂക്ഷിച്ച കഞ്ചാവാണു മുൻപു പിടികൂടിയത്. കസ്റ്റംസ് അസി. കമ്മിഷണർ എൻ.എം. ഇന്ദിര, സൂപ്രണ്ടുമാരായ ഗിരീഷ് ബാബു, സി.സി. ഹാൻസൺ, ടി.വി. മനോജ് കുമാർ, ടി.എ. ജോൺസൺ, ഇൻസ്പെക്ടർമാരായ ടി.എസ്. അഭിലാഷ്, റമീഷ് റഹീം, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അശോക് കുമാർ, പ്രിവന്റീവ് ഓഫിസർ സി. അജയകുമാർ, സംഘാംഗങ്ങളായ ഡിക്സൺ വി. ഡെന്നിസ്, റെനിൽ രാജൻ, വി.എൽ. സിനീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. 

സ്കാൻ ചെയ്യാൻ സംവിധാനമില്ല; പാഴ്സൽ ദുരുപയോഗിച്ച് മാഫിയ
പാഴ്സലുകൾ സ്കാൻ ചെയ്യാൻ തപാൽ വകുപ്പിനു സംവിധാനമില്ലെന്നതു മുതലാക്കി രാജ്യത്താകമാനം തപാലിലൂടെ ലഹരിവസ്തുക്കൾ കയറ്റിയയ്ക്കുന്ന മാഫിയ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ സജീവമെന്നു കസ്റ്റംസ്. ഫോണിലൂടെ ഓർഡർ സ്വീകരിക്കുകയും ഓൺലൈൻ പേയ്മെന്റ് ആപ്പുകളിലൂടെ പ്രതിഫലം സ്വീകരിക്കുകയും ചെയ്ത ശേഷം ഉണങ്ങിയ കഞ്ചാവ് പാഴ്സലായി അയയ്ക്കുന്നതാണ് ഇവരുടെ രീതി. അസം, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലാണ് ഇവരുടെ ശൃംഖല കൂടുതൽ സജീവം. വ്യാജ വിലാസങ്ങളിൽ നിന്നാണ് ഇവ കയറ്റിവിടുക. പാഴ്സൽ ഏറ്റുവാങ്ങേണ്ട വ്യക്തിയും ഏതെങ്കിലും സ്ഥാപനത്തിന്റെ പേരിൽ വ്യാജവിലാസം ചമച്ചാണു പാഴ്സൽ ഒപ്പിട്ടു വാങ്ങുക. ഇന്നലെ പിടിയിലായ ആദേശ് പലവട്ടം താലൂക്ക് ഓഫിസ് വളപ്പിലെ തപാൽ ഓഫിസിലെത്തി പാഴ്സൽ ഒപ്പിട്ടു വാങ്ങിയിരുന്നതായി ജീവനക്കാർ മൊഴി നൽകി. മുൻപു കഞ്ചാവുകേസിൽ പിടിക്കപ്പെട്ട ജിം ഉടമ വിഷ്ണുവും കൂട്ടാളി ആഷിഖ് അലിയും ജാമ്യത്തിലിറങ്ങിയത് അടുത്ത കാലത്താണ്. ടീ ഷർട്ട് എന്നു പുറത്തു രേഖപ്പെടുത്തിയ പാഴ്സലുകളിലാണു വിഷ്ണു പലവട്ടം കഞ്ചാവ് എത്തിച്ചിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com