ചുവരെഴുത്തിനു സിനിമാ സ്റ്റൈലിൽ തുടക്കമിട്ട് സുരേഷ് ഗോപി; ആവേശത്തോടെ പ്രവർത്തകർ
Mail This Article
തൃശൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തിനു സിനിമാ സ്റ്റൈലിൽ തുടക്കമിട്ടു സുരേഷ് ഗോപി. കണിമംഗലം വലിയാലുക്കലിൽ രാത്രി 8.30 ഓടെ ഒത്തുകൂടിയ പ്രവർത്തകരുടെ ആവേശത്തിന്റെ സന്തോഷത്തിൽ ബ്രഷ് കയ്യിലെടുത്ത സുരേഷ് ഗോപി പാർട്ടി ചിഹ്നമായ താമരയുടെ നടുഭാഗം മതിലിൽ സ്വയം വരച്ചതോടെ ചുവരെഴുത്തിനു തുടക്കമായി. സ്ഥാനാർഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ പേരെഴുതിയില്ല. ബിജെപി നേതാക്കളും പ്രാദേശിക പ്രവർത്തകരും ആവേശവുമായി ഒപ്പമെത്തിയിരുന്നു.
‘ഭാരത് അരി ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്’
ചാലക്കുടി ∙ കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് അതെടുത്ത് തൃശൂരിൽ ഭാരത് അരിയെന്ന ഓമനപ്പേരിട്ടു വിൽക്കുന്നത് തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും അത്തരം അരിവിതരണം തടയണമെന്നും ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. കേരള മന്ത്രിസഭ ഡൽഹി ജന്തർ ബന്ദറിൽ നടത്തുന്ന സമരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ച് എൽഡിഎഫ് നടത്തിയ ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റേഷൻ കടയിൽ 20 രൂപയ്ക്കു നൽകിയിരുന്ന അരിവിഹിതം നൽകാതെ അരിവണ്ടിയുമായി ചുറ്റിക്കറങ്ങി വോട്ടുപിടിക്കാമെന്നു ബിജെപിക്കാർ കരുതേണ്ടെന്നും ഉത്തരേന്ത്യയിലെ പാവങ്ങളെ വർഗീയ വിഷം കലർത്തി വഞ്ചിക്കുന്ന അടവുനയങ്ങൾ ഇവിടെ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനിൽ കദളിക്കാടൻ അധ്യക്ഷത വഹിച്ചു. സി.എസ്.സുരേഷ്, ടി.പി.ജോണി, ജോസ് പൈനാടത്ത്, പോളി ഡേവിസ്, തോമസ് തണ്ടിയേക്കൽ, ഉഷ പരമേശ്വരൻ, അജോ പുല്ലോക്കാരൻ, ജിൽ ആന്റണി, പോൾ പുല്ലൻ എന്നിവർ പ്രസംഗിച്ചു.