ADVERTISEMENT

വടക്കാഞ്ചേരി ∙ പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ഇന്ന് ആഘോഷിക്കും. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങൾ ചടങ്ങുകൾ വർണാഭമാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. നിയന്ത്രണങ്ങളോടെ അവസാന മണിക്കൂറുകളിലാണു വെടിക്കെട്ടിന് സർക്കാരിന്റെ അനുമതി ലഭിച്ചതെങ്കിലും സുരക്ഷിതമായ വെടിക്കെട്ടിനുള്ള നടപടികളും പൂർത്തിയായി. ഇന്നു വൈകിട്ട് 8ന് എങ്കക്കാട് ദേശവും നാളെ പുലർച്ചെ 5.30ന് കുമരനെല്ലൂർ ദേശവും വെടിക്കെട്ട് നടത്തും. വടക്കാഞ്ചേരി ദേശത്തിന്റെ ഊഴം ഞായറാഴ്ചയിലെ സാംപിൾ വെടിക്കെട്ട് ആയിരുന്നു. 

ഇന്ന് ഉച്ചയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പുകളോടെയാണു പൂരച്ചടങ്ങുകളുടെ തുടക്കം. 11.30ന് എങ്കക്കാട് ദേശത്തിന്റെ എഴുന്നള്ളിപ്പ് ആരംഭിക്കും. കുനിശേരി അനിയൻമാരാരുടെ നേതൃത്വത്തിൽ നൂറോളം വാദ്യ കലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യവും എഴുന്നള്ളിപ്പും 1.45വരെ തുടരും. 11 ആനകളാണ് എഴുന്നള്ളിപ്പിൽ അണിനിരക്കുക. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും.

12ന് വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ ചെർപ്പുളശേരി ശിവന്റെയും വൈക്കം ചന്ദ്രന്റെയും നേതൃത്വത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെ വടക്കാഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പ് ആരംഭിക്കും. 11 ആനകൾ പങ്കെടുക്കുന്ന എഴുന്നള്ളിപ്പിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണു വടക്കാഞ്ചേരി ദേശത്തിന്റെ തിടമ്പേറ്റുക.  എഴുന്നള്ളിപ്പു പൂർത്തിയാക്കി വടക്കാഞ്ചേരി പൂരം 2ന് ശിവക്ഷേത്രത്തിൽ നിന്നു പുറത്തു കടന്ന് ടൗണിൽ ഉയർത്തിയ കാഴ്ചപ്പന്തലിലേക്കു പ്രവേശിക്കും. തുടർന്ന് പൊലീസ് അകമ്പടിയോടെ ഉത്രാളിക്കാവിലേക്ക്.വടക്കാഞ്ചേരി പൂരം 4ന് ഉത്രാളിക്കാവിനു മുൻപിൽ എത്തും. 

എങ്കക്കാട് ദേശം എഴുന്നള്ളിപ്പു പൂർത്തിയാക്കി പുറത്തു കടന്നതിനു ശേഷം 2ന് കുമരനെല്ലൂർ വിഭാഗത്തിന്റെ പഞ്ചവാദ്യവും എഴുന്നള്ളിപ്പും ആരംഭിക്കും. ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പ്രമാണത്തിലാണു പഞ്ചവാദ്യം. കുമരനെല്ലൂർ ദേശവും 11 ആനകള എഴുന്നള്ളിപ്പിന് അണിനിരത്തും. പുതുപ്പള്ളി കേശവൻ തിടമ്പേറ്റും. തുടർന്ന് 3 ദേശങ്ങളും അഭിമുഖമായി നിന്ന് മേളത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ്പും കുടമാറ്റവും നടത്തും. 6ന് എങ്കക്കാട് ദേശവും 6.15ന് വടക്കാഞ്ചേരി ദേശവും 6.30ന് കുമരനെല്ലൂർ ദേശവും ക്ഷേത്രത്തിലേക്കു പ്രവേശിച്ച് നടയ്ക്കൽ മേളം.

തുടർന്ന് 3 ദേശങ്ങളുടെയും ആനകൾ കൂട്ടിയെഴുന്നള്ളിപ്പിനായി പുറത്തേക്ക് എഴുന്നള്ളും. 7ന് മേളത്തിന്റെ അകമ്പടിയിൽ ഭഗവതി പൂരവും കൂട്ടിയെഴുന്നള്ളിപ്പും. ശേഷം 8ന് എങ്കക്കാട് ദേശം വെടിക്കെട്ട് നടത്തും. 8.30ന് ക്ഷേത്രത്തിൽ എങ്കക്കാട് ദേശത്തിന്റെ നേതൃത്വത്തിൽ തായമ്പക, കേളി, കൊമ്പുപറ്റ്, നാഗസ്വരം. പകൽ പൂരത്തിന്റെ ആവർത്തനമാണു രാത്രിയിൽ.

12 മുതൽ 2.15 വരെ എങ്കക്കാട് ദേശവും 2.30 മുതൽ 4.30 വരെ കുമരനെല്ലൂർ ദേശവും ഉത്രാളിക്കാവിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ്പ് നടത്തും. രാത്രി 12ന് കരുമരക്കാട് ക്ഷേത്രത്തിൽ വടക്കാഞ്ചേരി ദേശത്തിന്റെ പഞ്ചവാദ്യവും എഴുന്നള്ളിപ്പും. നാളെ പുലർച്ചെ 5.30ന് കുമരനെല്ലൂർ ദേശം വെടിക്കെട്ട് നടത്തും. 6ന് 3 ദേശങ്ങളുടെയും മേളം, 8ന് കൂട്ടിയെഴുന്നള്ളിപ്പ്. 9.30ന് പൊങ്ങിലിടി, കൽപന ചടങ്ങുകൾക്കു ശേഷം ഉപചാരം ചൊല്ലി വിടവാങ്ങുന്നതോടെ ഈ വർഷത്തെ പൂര ചടങ്ങുകൾ സമാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com