കസ്തൂർബ നെയ്ത്തു കേന്ദ്രത്തിനു പൂട്ടുവീഴുമോ ?
Mail This Article
മുരിയാട്∙ വെള്ളിലംകുന്നിലെ കസ്തൂർബ നെയ്തു കേന്ദ്രത്തിൽ തുണികൾ നെയ്യാൻ ഉണ്ടായിരുന്ന 28 തൊഴിലാളികളിൽ ഇനി അവശേഷിക്കുന്നത് ഒരു തൊഴിലാളി മാത്രം. മിനിമം വേതനം പോലും കിട്ടാതായതോടെ 27പേർ മറ്റു തൊഴിലുകൾ തേടിപ്പോയി. ഗാന്ധിഗ്രാമ വ്യവസായ ബോർഡിനു കീഴിലുള്ള ഗാന്ധി ഗ്രാമ സൗഭാഗ്യ നെയ്തു കേന്ദ്രം പൂട്ടു വീഴുന്ന അവസ്ഥയിലാണ്.
പതിനാറു വർഷമായി പൂട്ടിക്കിടന്ന സ്ഥാപനം ഇടയ്ക്കു തുറന്നെങ്കിലും കൂലിത്തർക്കത്തെ തുടർന്നുപൂട്ടി. 2017ൽ 28 തൊഴിലാളികളുമായി പുനരാരംഭിച്ച സ്ഥാപനം 2019ൽ 28 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചിരുന്നു. തൊഴിലാളികൾ പോയതോടെ യന്ത്രങ്ങൾ പലതും ജില്ലാ പഞ്ചായത്തിനു കീഴിലുള്ള അനുബന്ധ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോയി.
കെട്ടിടം തകരാനും യന്ത്രങ്ങൾ തുരുമ്പെടുക്കാനും തുടങ്ങി. പത്തു മാസം ‘സൗജന്യ സേവനം’ തുടർന്ന ഇരിങ്ങാലപ്പിള്ളി തുഷാര (36) കഴിഞ്ഞ ദിവസം തൊഴിൽ അവസാനിപ്പിച്ചു. സംസ്ഥാന സർക്കാർ നൽകുന്ന മിനിമം വേതനത്തിനു പുറമേ കേന്ദ്രത്തിൽ നിന്നു ചെറിയൊരു വിഹിതം ഇവർക്ക് ലഭിച്ചിരുന്നു. സ്ഥാപനം നിലനിർത്താൻ തൊഴിലാളികൾക്ക് ആഗ്രഹം ഉണ്ടെങ്കിലും അധികൃതർ വില വയ്ക്കാത്തതിനാൽ നശിക്കുകയാണെന്നു തൊഴിലാളികൾ പറയുന്നു.