സ്ലാബ് മറിഞ്ഞ് കാനയിൽ വീണ യാത്രക്കാരിക്കു പരുക്ക്
Mail This Article
കുന്നംകുളം ∙ റോഡരികിൽ സ്ഥാപിച്ച പുതിയ സ്ലാബ് തെന്നി മറിഞ്ഞതോടെ കാനയിലേക്ക് വീണ് കാൽനടയാത്രക്കാരിക്കു പരുക്ക്. ചേംബർ ഓഫ് കൊമേഴ്സിലെ നിത്യ പിരിവ് ഏജന്റ് കമ്പനിപ്പടി കാക്കശേരി വീട്ടിൽ ഷൈമയ്ക്കാണു ( 50) പരുക്കേറ്റത്. പട്ടണത്തിൽ കാന മൂടാൻ ഇൗയടെ സ്ഥാപിച്ച സ്ലാബാണ് അപകടം വരുത്തിയത്. സബ് ട്രഷറി റോഡിൽ ഭാവന തിയറ്ററിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം.
നീണ്ട കാത്തിരിപ്പിനും സമരങ്ങൾക്കും ശേഷം ഇൗയടെയാണ് ഇൗ റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്. റോഡിന് വീതി കുറവായതിനാൽ പലരും സ്ലാബിന് മുകളിലൂടെയാണു നടക്കുന്നത്. കാന മൂടാൻ പാകിയ ഈ കോൺക്രീറ്റ് സ്ലാബ് പലയിടത്തും വേണ്ട വിധം ഉറപ്പിച്ചിട്ടില്ല. ഷൈമ നടന്നു പോകുമ്പോൾ സ്ലാബുകളലൊന്ന് കാനയിൽ വീണു. ഇതോടെ കാനയിൽ വീണ ഷൈമയുടെ മേൽ ഭാഗ്യം കൊണ്ടാണ് ഭാരമേറിയ സ്ലാബ് പതിക്കാതിരുന്നത്.