ADVERTISEMENT

കരുവന്നൂർ (തൃശൂർ)∙ ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടർ ബസിൽനിന്നു ചവിട്ടിപ്പുറത്തിട്ടു ക്രൂരമായി മർദിച്ചു. ഹൃദ്രോഗിയായ കരുവന്നൂർ എട്ടുമന മുറ്റിച്ചൂർ പവിത്രനാണ്(68) മർദനമേറ്റത്. സാരമായി പരുക്കേറ്റ പവിത്രൻ തൃശൂർ എലൈറ്റ് ആശുപത്രിയിലെ സിസിയുവിൽ ചികിത്സയിലാണ്. കഴുത്തിലെ എല്ലു പൊട്ടിയതായി ആശുപത്രി അധികൃതർ അറിയിച്ചു. തലയിൽ ആറു തുന്നലിടേണ്ടിവന്നു.

തൃശൂർ–കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ കണ്ടക്ടർ ഊരകം സ്വദേശി കടുകപ്പറമ്പിൽ രതീഷിനെ ബസ് സഹിതം ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു സംഭവം. തൊട്ടടുത്ത ബംഗ്ലാവ് സ്റ്റോപ്പിൽ ഇറങ്ങാനായി കരുവന്നൂർ രാജ സ്റ്റോപ്പിൽ നിന്നാണു പവിത്രൻ ബസിൽ കയറിയത്. 10 രൂപ നൽകിയപ്പോൾ ടിക്കറ്റ് 13 രൂപയാണെന്നു പറഞ്ഞതോടെ കയ്യിൽ ആകെയുണ്ടായിരുന്ന 500 രൂപ നോട്ട് നൽകിയതാണു കണ്ടക്ടറെ പ്രകോപിപ്പിച്ചത്.

പിന്നീടു ബാക്കി നൽകിയ തുകയിൽ കുറവു കണ്ട് ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. ഇറങ്ങേണ്ടിടത്തു നിർത്താതിരുന്ന ബസ് തൊട്ടടുത്ത സ്റ്റോപ്പിലെത്തിയപ്പോൾ കണ്ടക്ടർ പവിത്രനെ ചവിട്ടി താഴെയിടുകയായിരുന്നെന്നു യാത്രക്കാർ പറഞ്ഞു. റോഡിൽ തലയിടിച്ചാണു വീണത്. പിന്നാലെ പുറത്തിറങ്ങിയ കണ്ടക്ടർ തല പിടിച്ചു കല്ലിൽ ഇടിക്കുകയും മർദനം തുടരുകയും ചെയ്തതായും സഹയാത്രികർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണു കണ്ടക്ടറെ പിടിച്ചുമാറ്റിയത്. ഇവർ ബസ് തടഞ്ഞിടുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com