ADVERTISEMENT

തൃശൂർ ∙ പൂരനഗരിയിൽ ഡ്രോണുകൾക്കു സമ്പൂർണ നിരോധനമേർപ്പെടുത്തിയ പൊലീസ് ഉത്തരവ് വകവയ്ക്കാതെ സാംപിൾ വെടിക്കെട്ടിനു മേൽ പറന്നത് അര ഡസൻ ഡ്രോണുകൾ. ഒരു ഡ്രോൺ പൊലീസ് കയ്യോടെ പിടികൂടി. ഇതൊരു മാധ്യമസ്ഥാപനത്തിന്റേതാണെന്നു പൊലീസ് പറഞ്ഞു. നിരോധനം ലംഘിച്ചതിനാൽ കേസെടുക്കുമെന്നാണു സൂചന.

വെടിക്കെട്ടിനുമേലെ പറന്ന ഡ്രോണുകളിൽ രണ്ടെണ്ണം അമിട്ടുകൾക്കു തൊട്ടരികിൽ വരെ എത്തിയതു സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉ‍ടൻ കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. വടക്കുന്നാഥ ക്ഷേത്രവളപ്പിൽ ഡ്രോൺ ഉപയോഗിക്കാൻ മുൻപേ നിരോധനമുണ്ട്. പൂരനാളുകളിൽ സ്വരാജ് റൗണ്ടിലും പരിസര മേഖലകളിലും കൂടി ഡ്രോണുകൾ നിരോധിച്ചു കമ്മിഷണർ ഉത്തരവിറക്കിയിരുന്നു.

എന്നാൽ, സാംപിൾ വെടിക്കെട്ടിന് ഒരു മണിക്കൂർ മുൻപു തന്നെ എംഒ റോഡ്, കുറുപ്പം റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ നിന്നു 3 ഡ്രോണുകൾ പറന്നുയർന്നിരുന്നു. സെന്റ് തോമസ് കോളജ് റോഡിനരികിൽ നിന്നുയർന്ന ‍‍‍ഡ്രോൺ താഴ്ന്നുപറന്നു ജനത്തിന്റെ മുകളിലെത്തുകയും ചെയ്തു. ആമ്പക്കാടൻ ജംക്‌ഷൻ, സ്വരാജ് റൗണ്ട് എന്നിവിടങ്ങളിൽ നിന്നും ഡ്രോണുകൾ പറന്നുയർന്നതോടെ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. 

ഡ്രോൺ ആകാശത്തുനിന്നു പിടിച്ചെടുക്കാനോ സിഗ്നൽ ബ്ലോക്ക് ചെയ്യാനോ പൊലീസിനു സാങ്കേതിക സൗകര്യമില്ലാത്തതിനാൽ നിലത്തു നിന്ന് ഇവ ഓപ്പറേറ്റ് ചെയ്യുന്നവരെ കണ്ടെത്ത‍ാൻ ശ്രമവും തുടങ്ങി. ഒരു ഡ്രോൺ പിടികൂടിയത് ഇങ്ങനെയാണ്. ഡ്രോൺ പറക്കുന്ന ശബ്ദതരംഗങ്ങൾ ആനകൾക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നതിനാൽ പൂരനഗരിയിൽ ഇവ പറത്തിയാൽ തീർച്ചയായും കേസെടുക്കുമെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com