ADVERTISEMENT

തൃശൂർ∙ ഉദ്യോഗസ്ഥരുടെ അമിത ‘ഇടപെടലുകൾ’ പ്രതിസന്ധിയുണ്ടാക്കുന്നതായി പൂരം സംഘാടകരുടെ പരാതി. രാവും പകലും ദേവസ്വങ്ങളെ മുൾമുനയിൽ നിർത്തിയാണു സർക്കാർ സംവിധാനം മുന്നോട്ടു പോകുന്നത്. വനം വകുപ്പിന്റെ ചില നടപടികൾ കടുത്ത ആശയക്കുഴപ്പത്തിനിടയാക്കി. ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ കൊടുത്ത വിശദീകരണമാണ് ആദ്യം പ്രശ്നമുണ്ടാക്കിയത്. ആനകളിൽനിന്നു 50 മീറ്റർ ദൂരെ മാത്രമേ വാദ്യവും തീവെട്ടിയും പടക്കവും അനുവദിക്കൂ എന്നായിരുന്നു ഒരു നിബന്ധന. 

എഴുന്നള്ളിപ്പിനു നിൽക്കുന്ന ആനയുടെ മുന്നിലാണു മേളവും പഞ്ചവാദ്യവുമെന്ന കാര്യം ആലോചിച്ചില്ല. മാത്രമല്ല, 50 മീറ്റർ നീക്കിയാണെങ്കിൽ ഇലഞ്ഞിത്തറ മേളവും മഠത്തിൽ വരവു പഞ്ചവാദ്യവും നടത്താനാകില്ലെന്നതും ശ്രദ്ധിച്ചില്ല. ചർച്ച ചെയ്യാതെ കൊടുത്ത വിശദീകരണം തൊട്ടടുത്ത ദിവസം തിരുത്തേണ്ടി വന്നു. 

തിരുത്താനായി ദേവസ്വം ഭാരവാഹികൾ, മന്ത്രി രാജൻ, പി. ബാലചന്ദ്രൻ എംഎൽഎ എന്നിവർക്ക് ഏറെ സമയം ചെലവാക്കേണ്ടിവന്നു.വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ച ആനകളെ വനം വകുപ്പു ഡോക്ടർമാർകൂടി പരിശോധിച്ചാലേ എഴുന്നള്ളിക്കാനാകൂ എന്നതായിരുന്നു ചൊവ്വാഴ്ച രാത്രി വന്ന പുതിയ നിബന്ധന. സാധാരണ വെറ്ററിനറി ഡോക്ടർമാരുടെ സംഘമാണ് ആനകളെ പരിശോധിക്കുന്നത്. 

വനം വകുപ്പു ഡോക്ടർമാരും ഈ സംഘത്തിലുണ്ടാകും. വെറ്ററിനറി ഡോക്ടർമാരിൽ പലർക്കും ഈ ആനകളെ കൃത്യമായി അറിയാവുന്നവരായിരിക്കും. വനം വകുപ്പു ഡോക്ടർമാർ നാടൻ ആനകളെ സ്ഥിരമായി കാണുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ല. ആന ചികിത്സയിലെ പ്രധാനകാര്യം പരിചയമാണ്. രണ്ടു പരിശോധനയും നടത്തി എഴുന്നള്ളിപ്പിനു തയാറാക്കാ‍ൻ രണ്ടു ദിവസം വേണ്ടിവരും. രണ്ടു ദിവസം പരിശോധിക്കാൻ ആനയെ ഇവിടെ കൊണ്ടുവന്നു കെട്ടാനാകില്ല.

ഉടമകൾ പ്രതിഷേധിച്ചതോടെ തൊട്ടടുത്ത ദിവസം രാവിലെ ആ ഉത്തരവും പിൻവലിച്ചു. രാത്രി മുഴുവനും പകൽ ഏറെ നേരവും ദേവസ്വങ്ങൾ ഇതു തിരുത്തിക്കിട്ടാനായി നെട്ടോട്ടത്തിലായിരുന്നു.പൂരത്തിലെ ബാരിക്കേഡ് കെട്ടാനുള്ള പണംപോലും നൽകുന്നതു ദേവസ്വങ്ങളാണ്. നടത്തിപ്പിനായി പ്രത്യേക സഹായം സർക്കാർ നൽകുന്നില്ല. ഘടക പൂരങ്ങൾക്കു നാമമാത്രമായ സഹായം നൽകുന്നുണ്ട്.

പൂരം പ്രദർശനത്തിന്റെ തറവാടകയുടെ പേരിലുണ്ടായ തലവേദന തീർന്നത് അവസാന നിമിഷമാണ്. അതും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടശേഷം.പൂരത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്ന ടൂറിസം വകുപ്പാകട്ടെ സഹായിക്കുന്നില്ലെന്നു മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും ഇടപെടുന്നുമില്ല. ടൂറിസത്തിന്റെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നാണു പൂരം.

അഞ്ചു പൈസ ഇറക്കാതെയാണ് ഈ വലിയ സംഭവം വിൽക്കാനായി ടൂറിസത്തിനു കിട്ടുന്നത്. നടത്തിപ്പുകാരെ തുടർച്ചയായി പ്രതിസന്ധികളിലേക്കും തലവദനകളിലേക്കും തള്ളി വിടുക മാത്രമാണു സർക്കാർ ഏജൻസികളുടെ പൂരം സംഭാവന. ഇത്തവണയും അതു തുടരുന്നുവെന്നു മാത്രം.

മന്ത്രിമാർക്ക് രണ്ട് അഭിപ്രായം
തിരുവനന്തപുരം∙തൃശൂർ പൂരത്തിന് അണിനിരക്കുന്ന ആനകളുടെ ആരോഗ്യ സ്ഥിതി വീണ്ടും പരിശോധിക്കാനുള്ള വനംവകുപ്പ് തീരുമാനം ഒഴിവാക്കിയത് മന്ത്രിസഭയിലെ ചർച്ചകളെത്തുടർന്ന്. തിരഞ്ഞെടുപ്പു കാലത്ത് തൃശൂർ പൂരത്തിനുള്ള ആനകൾക്കു കൂടുതൽ പരിശോധനയും നിബന്ധനയും ഏർപ്പെടുത്തുന്നത് തിരിച്ചടിയാകുമെന്നു  മന്ത്രി കെ.രാജൻ ആണ് ചൂണ്ടിക്കാട്ടിയത്.

എന്നാൽ, ജനങ്ങളുടെയും ആനകളുടെയും സുരക്ഷ മുൻ നിർത്തി വനം വകുപ്പിന്റെ രണ്ടാം പരിശോധന വേണമെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ ന്യായീകരിച്ചു. വീണ്ടും പരിശോധിക്കേണ്ട കാര്യമില്ലെന്ന നിലപാടുമായി കൂടുതൽ മന്ത്രിമാർ രംഗത്ത് എത്തിയപ്പോൾ, മന്ത്രിസഭാ യോഗത്തിനു ശേഷം ശശീന്ദ്രനും രാജനുമായി ചർച്ച നടത്തി ധാരണയിലെത്താൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com