ADVERTISEMENT

മാന്ദാമംഗലം ∙ ചക്ക തിന്നാനെത്തിയ കാട്ടാനകളിലൊന്ന് ആൾമറയില്ലാത്ത കിണറ്റിൽ വീണു ചരിഞ്ഞു. വെള്ളക്കാരിത്തടം ആനക്കുഴി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ചൊവ്വാ പുലർച്ചെ ഒന്നിനു കൊമ്പനാന വീണത്. 22 അടി താഴ്ചയിലുള്ള കിണറ്റിൽ ഓക്സിജന്റെ കുറവും വീതി കുറഞ്ഞ കിണറ്റിൽ പിൻഭാഗം അമർന്നു വീണതുമൂലമുള്ള പരുക്കുമാകാം മരണകാരണമെന്നാണു വനംവകുപ്പിന്റെ നിഗമനം. കാടിനോടു ചേർന്നുള്ള പ്രദേശമാണിത്.

elephant-accident-death-4
തൃശൂർ പീച്ചി വെള്ളക്കാരിത്തടം ആനക്കുഴിയിൽ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ചരിഞ്ഞ കൊമ്പനെ ക്രയിൻ ഉപയോഗിച്ച് ഉയർത്തുന്നതിന് നേതൃത്വം നൽകുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ. ചിത്രം : റസൽ ഷാഹുൽ മനോരമ

രാത്രി മരച്ചില്ലകൾ ഒടിയുന്ന ശബ്ദംകേട്ടു നോക്കിയപ്പോൾ വീട്ടുകാർ 2 ആനകളെ പറമ്പിൽ കണ്ടു. അൽപം കഴിഞ്ഞ് ഒരു ആനയുടെ ചിന്നം വിളി കേട്ടു. തുടർച്ചയായി ചിന്നം വിളി ഉയർന്നതോടെ വീട്ടുകാർ സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണ നിലയിൽ കൊമ്പനെ കണ്ടത്. മറ്റേ ആന അപ്പോഴേക്കും അവിടെനിന്നു മാറിയിരുന്നു. 1.45ന് വനപാലകർ സ്ഥലത്തെത്തി. പുലർച്ചെ നാലരയോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു മാറ്റി ആനയെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി. രണ്ടര മണിക്കൂർ കൊണ്ട് ആനയ്ക്കു കടന്നുപോകാനുള്ള വഴിയൊരുക്കി.

അതുവരെ കൊമ്പും തുമ്പിക്കയ്യും അനക്കിയിരുന്ന ആന പെട്ടെന്നു നിശ്ചലനായി. പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ആനയെ പുറത്തെടുത്ത് സമീപത്തെ വനത്തിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം അവിടെ സംസ്കരിച്ചു. ആനയ്ക്ക് 20 വയസ്സ് കണക്കാക്കുന്നു.

elephant-accident-death-6
തൃശൂർ പീച്ചി വെള്ളക്കാരിത്തടം ആനക്കുഴിയിൽ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു ചരിഞ്ഞ കൊമ്പനെ വനം ക്രയിൻ ഉപയോഗിച്ച് ഉയർത്തുന്നു ചിത്രം : റസൽ ഷാഹുൽ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com