ADVERTISEMENT

കയ്പമംഗലം ∙ തീരദേശത്ത് വോട്ടിങ് സമയം കഴിഞ്ഞിട്ടും ബൂത്തുകൾക്കു മുൻപിൽ വോട്ടർമാരുടെ നീണ്ട നിര. രാവിലെ മുതൽ ബൂത്തുകളിൽ തിരക്കുണ്ടായിരുന്നു.‍ പെരിഞ്ഞനം ഗവ.യുപി സ്കൂളിലെ ബൂത്തിലും എടത്തിരുത്തി അയ്യംപടി പട്ടികജാതി വനിത തൊഴിൽ സംരംഭ കേന്ദ്രത്തിലും കയ്പമംഗലം ആർസിയുപി  സ്കൂൾ ബൂത്തിലും മതിലകം കൂളിമുട്ടം ബൂത്തിലും രാത്രിയിലും വോട്ടിങ് തുടർന്നു. മെഷീനുകളുടെ തകരാറുകളും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും താമസം വരുത്തിയതായി വോട്ടർമാർ പറഞ്ഞു.

കൊടുങ്ങല്ലൂർ, കയ്പമംഗലം മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സമാധാനപരം. 20 ബൂത്തുകളിൽ വോട്ടെടുപ്പ് വൈകിട്ട് ആറിനു ശേഷവും തുടർന്നു. പ്രശ്ന സാധ്യതയുണ്ടായിരുന്ന ബൂത്തുകളിൽ സായുധ പൊലീസ് സംഘം ക്യാംപ് ചെയ്തിരുന്നു. വോട്ടിങ് മെഷീൻ ഉൾപ്പെടെ പോളിങ് സാമഗ്രികൾ രാത്രിയോടെ വിതരണ കേന്ദ്രങ്ങളിൽ തിരിച്ചെത്തിച്ചു.

ഇരിങ്ങാലക്കുട∙ ബൂത്തുകളിൽ  വോട്ടിങ് മെഷീനുകളുടെ പ്രവർത്തനം മന്ദഗതിയിലായത് വോട്ടർമാരെ മടുപ്പിച്ചു.  ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 92–ാം നമ്പർ ബൂത്തിൽ  ഉച്ചയ്ക്ക് ഒന്നിന് ഒരു മണിക്കൂർ യന്ത്രം നിലച്ചു. 526 വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് മെഷീൻ തകരാറിലായത്. മാറ്റിവച്ച ശേഷം വോട്ടെടുപ്പ് പുനരാരംഭിച്ചു.

കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലേക്ക് വീൽ ചെയറിൽ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ.
കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലേക്ക് വീൽ ചെയറിൽ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ.

കാട്ടൂർ പൊഞ്ഞനം മഹിളാ സമാജത്തിലെ  8–ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ 10 മിനിറ്റ് പ്രവർത്തനരഹിതമായി. കാട്ടുങ്ങച്ചിറ എസ്എൻ ഹയർ സെക്കൻഡറി സ്കൂളിൽ 84–ാം നമ്പർ ബൂത്തിൽ മെഷീൻ തകരാറിലായതിനെ തുടർന്ന്  40 മിനിറ്റ് വോട്ടിങ് തടസ്സപ്പെട്ടു.  മേത്തല കുന്നംകുളം ഗവ. യുപി സ്കൂളിലെ ബൂത്തിൽ വോട്ടിങ് മെഷീന്റെ ബാറ്ററി ചാർജ് ഇല്ലാതായി. മോക് പോളിങ്ങിനിടെ ആണു സംഭവം. ഉടൻ തന്നെ മറ്റൊരു മെഷീൻ എത്തിച്ചു വോട്ടെടുപ്പ് കൃത്യസമയത്തു തുടങ്ങി.

അന്നയും ഇന്നുവും  കന്നി വോട്ട് ചെയ്തു
ഇരിങ്ങാലക്കുട∙അന്നയ്ക്കും ഇന്നുവിനും ഇതു കന്നി വോട്ട്. അന്തരിച്ച മുൻ എംപിയും സിനിമാ താരവുമായ  ഇന്നസന്റിന്റെ ചെറുമക്കളാണ് ഇരട്ടകളായ അന്നയും ജൂനിയർ ഇന്നസന്റും. പപ്പ സോണറ്റിനും അമ്മ രശ്മിക്കും അമ്മൂമ്മ ആലീസിനും ഒപ്പമാണ് ഡോൺ ബോസ്കോ സ്കൂളിലെ 101-ാം നമ്പർ ബൂത്തിൽ ഇരുവരും വോട്ട് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com