ഗ്ലാസും ശീതീകരണ സംവിധാനവുമായി തൃശൂരിലെ ആകാശപ്പാത; ഇനി കൂളായി നടക്കാം
Mail This Article
തൃശൂർ ∙ വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്കു വലിയ പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന ശക്തൻ നഗറിലെ ആകാശനടപ്പാത (സ്കൈ വോക്ക്) ശീതീകരണ സംവിധാനത്തോടെ അണിഞ്ഞൊരുങ്ങുന്നു. നടപ്പാതയ്ക്കുള്ളിൽ എയർ കണ്ടിഷനിങ് സംവിധാനം ഒരുക്കുന്നതും വശങ്ങൾക്കു ചുറ്റും ഗ്ലാസും സീലിങ്ങും സ്ഥാപിക്കുന്നതും പൂർത്തിയായി. എയർ കണ്ടിഷനിങ്ങിനൊപ്പം 2 ലിഫ്റ്റുകൾ കൂടി പുതുതായി സജ്ജീകരിച്ചു. ഇവ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുകയാണ്.
ഇതിനായി ട്രാൻസ്ഫോമറും ഉടൻ സ്ഥാപിക്കും. അടിയന്തര ആവശ്യങ്ങൾക്കായി ജനറേറ്ററും എത്തിച്ചിട്ടുണ്ട്. 2 മാസത്തിനുള്ളിൽ എല്ലാ മോടിപിടിപ്പിക്കലും പൂർത്തിയാക്കി ആകാശപ്പാത തുറന്നു നൽകാനാണു കോർപറേഷൻ ലക്ഷ്യമിടുന്നത്. പാത തുറക്കുന്നതോടെ തിരക്കേറിയ ശക്തൻ നഗറിലെ തെരുവുകളിലൂടെയുള്ള കാൽനടയാത്ര അവസാനിക്കുമെന്നാണു പ്രതീക്ഷ. സ്കൂൾ–കോളജ് വിദ്യാർഥികളും മറ്റു യാത്രക്കാരും തിരക്കേറിയ സമയങ്ങളിൽ റോഡു കുറുകെ കടക്കാൻ പാടുപെടുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നു ശക്തൻ ബസ് സ്റ്റാൻഡിലേക്കും മാർക്കറ്റുകളിലേക്കും എത്തുന്ന ഒട്ടേറെപ്പേർക്ക് ആകാശപ്പാത സഹായകരമാകും.
38 ലക്ഷം രൂപ ചെലവഴിച്ചാണു സോളർ പ്ലാന്റ് സ്ഥാപിച്ചത്. പാതയ്ക്കുള്ളിലും മറ്റുമായി ഇതിനകം ഇരുപതോളം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കോർപറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 8 കോടി രൂപയോളം ചെലവഴിച്ചാണു വൃത്താകൃതിയിൽ ആകാശപ്പാത നിർമിച്ചത്. തുടർന്ന് ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തുറന്നു നൽകി. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണു ആകാശപ്പാത ശീതീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 2 ലിഫ്റ്റുകൾ സ്ഥാപിച്ചിരുന്നു.
∙ 4 പ്രവേശന കവാടം
നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന പ്രധാന ജംക്‌ഷനുകളിലൊന്നായ ശക്തൻ നഗറിൽ സംഗമിക്കുന്ന 4 റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ആകാശ നടപ്പാത. പഴയ പട്ടാളം–ശക്തൻ തമ്പുരാൻ നഗർ റോഡ്, റിങ് റോഡ്, ശക്തൻ നഗർ റോഡ്, ഹൈറോഡ് കണക്‌ഷൻ റോഡ് എന്നിവയെയാണ് ബന്ധിപ്പിക്കുന്നത്. ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യ–മാംസം മാർക്കറ്റ്, പഴം–പച്ചക്കറി മാർക്കറ്റ്, ശക്തൻ പ്രദർശന ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിന്ന് ആകാശപ്പാതയിലേക്കു പ്രവേശിക്കാം. സുരക്ഷ കണക്കിലെടുത്ത് രാത്രി 10.30നു ശേഷം ഈ പ്രവേശന കവാടങ്ങൾ അടയ്ക്കും. ഇതിനായി ഗ്രില്ലുകൾ സ്ഥാപിച്ചു.
തയാറാക്കിയത്: അങ്കിത ദേവിമരിയ ഷാജുസി.വി. നന്ദന (മൂവരും ബിഎ ഇംഗ്ലിഷ് വിദ്യാർഥികൾ– കാക്കനാട് രാജഗിരി കോളജ് ഓഫ് മാനേജ്െമന്റ് ആൻഡ് അപ്ലൈഡ് സയൻസ്)