ഉറ്റവരുടെ മടങ്ങിവരവ് പ്രതീക്ഷിച്ചു കാത്തിരുന്നു; സ്മിതയ്ക്കു മുന്നിലേക്കെത്തിയത് ദുരന്തവാർത്ത
Mail This Article
ഇരിങ്ങാലക്കുട ∙ കൂടൽമാണിക്യം ക്ഷേത്രോത്സവകാലത്തു നാട്ടിലെത്തുന്ന പതിവ് മുടക്കാത്തയാളായിരുന്നു ശിവകുമാർ. ഇത്തവണയും കൊടിയേറ്റത്തിനു മുൻപു തന്നെ നാട്ടിലെത്തിയെങ്കിലും ഒരിക്കലും തീരാത്ത വേദനയായി ആ വരവ് മാറിയതു നാടിന്റെ നൊമ്പരമായി. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലായിരുന്നതുകൊണ്ടു മാത്രമാണു ഭർത്താവിനും മക്കൾക്കുമൊപ്പം സ്മിതയും യാത്ര പുറപ്പെടാതിരുന്നത്. ഇന്നലെ രാവിലെ ഉറ്റവരുടെ മടങ്ങിവരവ് പ്രതീക്ഷിച്ചു കാത്തിരുന്ന സ്മിതയ്ക്കു മുന്നിലേക്കെത്തിയതു ദുരന്തവാർത്ത.
35 വർഷമായി യുഎഇയിൽ ജോലിചെയ്യുന്ന ശിവകുമാർ എല്ലാ ഉത്സവകാലത്തും കണ്ടേശ്വരത്തെ പുതുമന വീട്ടിലെത്താറുണ്ട്. ഇത്തവണയും പതിവു മുടക്കിയില്ല. ബിടെക് പഠനത്തിനു ശേഷം അടുത്തയാഴ്ച മകൻ ശരത് അയർലൻഡിലേക്കു പോകാനിരിക്കെയാണ് ഒന്നിച്ചൊരു യാത്ര എല്ലാവരും കൂടി ആസൂത്രണം ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന ഭാര്യ സ്മിതയുടെ സംരക്ഷണം അച്ഛൻ സുധാകരനെയും അമ്മ സീതയെയും ഏൽപ്പിച്ച ശേഷമാണു ശിവകുമാർ യാത്രയ്ക്കൊരുങ്ങിയത്.
ഒന്നിച്ചു കളിച്ചുവളർന്ന സുഹൃത്തിന്റെ അമ്മയെ കാണാൻ മക്കളെയും കൂട്ടി ബെംഗളൂരുവിലേക്കു സ്വന്തം കാറിൽ പുറപ്പെട്ടത് ശനിയാഴ്ച. ബെംഗളൂരുവിൽ ഒരുദിവസം തങ്ങിയ ശേഷം മൂകാംബിക ക്ഷേത്രത്തിലേക്ക്. മൂവരും ക്ഷേത്രമുറ്റത്തു നിൽക്കുന്ന ചിത്രം പകർത്തി ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 18നു ശിവകുമാർ തിരികെ മടങ്ങാനിരിക്കെയാണു ദുരന്തം. ഒൻപതാം ക്ലാസുകാരൻ സൗരവിന്റെ മരണം നാഷനൽ സ്കൂളിനാകെ വേദനയായി. ചന്തക്കുന്നിൽ ഇവർ നടത്തുന്ന ഇ–സേവന കേന്ദ്രം സ്മിതയ്ക്കൊപ്പം നോക്കിനടത്തിയിരുന്നതു ശരത് ആയിരുന്നു.