മാള അരവിന്ദൻ അനുസ്മരണം 13ന്; ഓർമകളുമായി ഇന്ദ്രൻസ് എത്തും
Mail This Article
മാള ∙ സിനിമാ മേഖലയിൽ നിന്നുള്ളവരെ ഉൾപ്പെടുത്താനായി മറുപടി കാത്തിരുന്ന് വൈകിയ മാള അരവിന്ദൻ അനുസ്മരണം 13ന് നടത്തുവാൻ തീരുമാനിച്ചതായി ഫൗണ്ടേഷൻ അറിയിച്ചു. നടൻ ഇന്ദ്രൻസ് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതായി മാളയുടെ കുടുംബാംഗങ്ങൾ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. ജനുവരിയിലായിരുന്നു മാള അരവിന്ദന്റെ ഒൻപതാം ചരമ വാർഷികം. മുൻ വാർഷികങ്ങളിലും അനുസ്മരണ പരിപാടികളിൽ സിനിമാരംഗത്തു പ്രവർത്തിക്കുന്നവരെ പങ്കെടുപ്പിക്കാൻ ഭാരവാഹികൾ ശ്രമിച്ചിരുന്നു.
എന്നാൽ ആരെയും കിട്ടിയിരുന്നില്ല. തുടർന്ന്, പങ്കെടുക്കാൻ അംഗങ്ങൾക്ക് പൊതു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഫൗണ്ടേഷൻ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് താരസംഘടനയായ അമ്മ ഭാരവാഹികൾക്ക് കത്തു നൽകിയിരുന്നു. അനുസ്മരണ തീയതി മുൻകൂട്ടി അറിയിച്ചിട്ടും നടന്മാരുടെ ഭാഗത്തു നിന്ന് മറുപടി ലഭിച്ചില്ലത്രെ. മാളയുടെ മകൻ കിഷോർ അരവിന്ദ് ഇക്കാര്യം ഇന്ദ്രൻസുമായി പങ്കുവച്ചതോടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുവാനുള്ള താൽപര്യം അറിയിച്ചതെന്ന് ഷാന്റി ജോസഫ് പറഞ്ഞു. 13നു 3.30ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന അനുസ്മരണ യോഗം വി.ആർ.സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.