മഴക്കെടുതിയിൽ ദുരിതം: മരം വീണ് വീടുകൾ തകർന്നു; നാശനഷ്ടം
Mail This Article
കൊടുങ്ങല്ലൂർ ∙ കഴിഞ്ഞ രാത്രിയും ഇന്നലെ പുലർച്ചെയും കൊടുങ്ങല്ലൂരിലും സമീപ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മിന്നലിലും കനത്ത നാശം. മരം വീണു തയ്യൽ തൊഴിലാളിക്കു പരുക്കേറ്റു. വിവിധ സ്ഥലങ്ങളിൽ റോഡിൽ മരം വീണു അപകടം സംഭവിച്ചു. വൈദ്യുതി കമ്പിയിലേക്കു മരം ഒടിഞ്ഞു വീണും പോസ്റ്റ് ചെരിഞ്ഞും പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.ലോകമലേശ്വരം റോഡരികിലെ തണൽ മരം കടപുഴകി വീണു തയ്യൽ കടയും കള്ള് ഷാപ്പും തകർന്നു. തയ്യൽ തൊഴിലാളി പതിയാശേരി രാമചന്ദ്രനു (70) പരുക്കേറ്റു.
പറപ്പുള്ളി ബസാറിൽ ഇന്നലെ രാവിലെ 11.30ന് ആയിരുന്നു അപകടം. കനത്ത മഴയിൽ കടപുഴകിയ മരം കള്ള് ഷാപ്പിന്റെയും തയ്യൽ കടയുടെയും മീതെ വീഴുകയായിരുന്നു. മരം വീണു തയ്യൽ കട തകർന്നു. അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേർന്നു മരം മുറിച്ചു മാറ്റി. കനത്ത മഴയിൽ കനോലി കനാലിന്റെ തീരത്തുള്ളവർ വെള്ളക്കെട്ട് ഭീഷണിയിലാണ്. നഗരസഭയിലെ ആനാപ്പുഴ, കക്കമാടൻ തുരുത്ത്, പാലിയംതുരുത്ത്, വി.പി. തുരുത്ത്, ഉഴുവത്തുകടവ് എന്നിവിടങ്ങളിൽ തോടുകളും ചിറകളും നിറഞ്ഞു. കനോലി കനാലിൽ വെള്ളം ഉയർന്നതോടെ തീരത്തെ പുരയിടങ്ങളിലേക്ക് ഏതു സമയത്തും വെള്ളം കയറുമെന്ന സ്ഥിതിയാണുള്ളത്.
മിന്നലിൽ നാശനഷ്ടം
പുല്ലൂറ്റ് ∙ മിന്നലിൽ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു. പന്തലാലുക്കൽ ക്ഷേത്രത്തിനു സമീപം നാലുമാക്കൽ പ്രേംലാലിന്റെ വീട്ടിലാണു നാശനഷ്ടങ്ങൾ സംഭവിച്ചത്.രാവിലെ 8ന് ആയിരുന്നു സംഭവം. ശക്തമായ ഇടിമിന്നലിൽ ഫാൻ, ടിവി എന്നിവ കത്തി നശിച്ചു. ഇലക്ട്രിക് സ്വിച്ചുകൾ പൊട്ടിത്തെറിച്ചു. വീടിന്റെ ടറസിനും കേടുപറ്റി.