എരുമപ്പെട്ടിയിലെ പിങ്ക് കഫെ മാറ്റി
Mail This Article
എരുമപ്പെട്ടി∙ ടൗണിലെ കുടുംബശ്രീ പിങ്ക് കഫെ ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരം മാറ്റി. വാർഡ് അംഗം എം.സി.ഐജു നൽകിയ റിട്ട് ഹർജിയിൽ ഹൈക്കോടതി നടത്തിയ വിധിന്യായം പാലിച്ചാണു കലക്ടർ വി.ആർ.കൃഷ്ണതേജ പിങ്ക് കഫെ നീക്കം ചെയ്യാൻ ഉത്തരവിട്ടത്. പിങ്ക് കഫെ കാരവൻ മങ്ങാട് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുമെന്നും കൂടാതെ കുണ്ടന്നൂരിലും ചിറ്റണ്ടയിലും പിങ്ക് കഫെ സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ അറിയിച്ചു.
വിദ്യാർഥികളടക്കം യാത്രക്കാരുടെ സുരക്ഷിതത്വത്തിനു വേണ്ടി പിങ്ക് കഫെ ടൗണിൽ നിന്ന് മറ്റൊരു സ്ഥലത്തേക്കു മാറ്റണമെന്നായിരുന്നു ഐജുവിന്റെ ആവശ്യം. പിങ്ക് കഫെ പഞ്ചായത്ത് സ്ഥലത്താണെന്നായിരുന്നു പഞ്ചായത്തിന്റെ വാദം. വില്ലേജ് രേഖകൾ പ്രകാരം പുറമ്പോക്ക് റോഡ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലം മരാമത്ത് വകുപ്പിന്റേതാണെന്നു കണ്ടെത്തി. തുടർന്നാണു 15 ദിവസത്തിനുള്ളിൽ പിങ്ക് കഫെ നീക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കലക്ടർ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം കാരവൻ ക്രെയിൻ ഉപയോഗിച്ച് നീക്കി.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പൊതുയോഗവും ആഹ്ലാദ സംഗമവും നടത്തി. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുരളീധരൻ അമ്പലപ്പാട്ട് അധ്യക്ഷനായി. എൻ.കെ.കബീർ, എം.സി.ഐജു, പി.എസ്.സുനീഷ്, കെ.ഗാേവിന്ദൻകുട്ടി,അജു നെല്ലുവായ്, സഫീന അസീസ്, സിജി ജോൺ, അനിതാ വിൻസന്റ്, ചന്ദ്രപ്രകാശ് ഇടമന, ഫ്രിജോ വടക്കൂട്ട്, റീന വർഗീസ് , നജീബ് കെമ്പത്തേയിൽ, സുന്ദരൻ ചിറ്റണ്ട, അമൃത ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.