ADVERTISEMENT

തൃശൂർ ∙ പൊലീസ് കമൻഡാന്റ് പദവിയിൽ നിന്നു വിരമിച്ചപ്പോൾ വിശ്രമ ജീവിതമല്ല എം.എം.ബാബു തിരഞ്ഞെടുത്തത്. ബൗദ്ധിക അധ്വാനം കൂടുതലുള്ള മറ്റൊരു ‘മിഷൻ’ അദ്ദേഹം ജീവിത വ്രതമാക്കി. വിദ്യാർഥികളെ സൗജന്യമായി ചെസ് പഠിപ്പിക്കുകയെന്ന പദ്ധതിയുമായി സ്കൂളുകൾ തോറും സഞ്ചരിക്കുന്ന ബാബുവിനു ശ‍ിഷ്യസമ്പത്തേറെ. 

ചെറിയ കുട്ടികളെ ചെസിലേക്ക് ആകർഷിക്കാനും ലഹരിമരുന്ന‍ിനെതിരെ ബോധവൽക്കരിക്കാനും വേണ്ടിയാണു ബാബുവിന്റെ ശ്രമം. വീടിന്റെ മുകൾ നിലയിലായിരുന്നു ചെസ് പരിശീലന കളരിയുടെ തുടക്കം. ശിഷ്യര‍ുടെ എണ്ണം ഏറിയതോടെ സ്കൂളുകളിലേക്കു ദൗത്യം വ്യാപിപ്പിച്ചു. മുള്ളൂർ ഗവ. എൽപി സ്കൂൾ ആണു ക്യാംപ് നടത്താൻ ആദ്യമായി തിരഞ്ഞെടുത്തത്. ടൂർണമെന്റുകളിൽ പങ്കെടുക്കാൻ പാകത്തിനു കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണു ലക്ഷ്യം. സ്കൂളിലെ മുഴുവൻ കുട്ടികളെയും ചെസ് പഠിപ്പിക്കും എന്നതാണു ക്യാംപിന്റെ പ്രത്യേകത. 45 കുട്ടികൾ മുള്ളൂർ സ്കൂളിൽ ചെസ് പരിശീലനം തുടങ്ങി. 

കുട്ടികൾക്കു പാഠങ്ങൾ മനസ്സിലാക്കാൻ എളുപ്പത്തിന് അവരുടെ വീടുകളിലെത്തി രക്ഷിതാക്കൾക്ക് ആവശ്യമായ നോട്ടുകൾ കൈമാറും. ക്യാംപിലെ പരിശീലനവും വീടുകളിൽ നിന്നു ലഭിക്കുന്ന കരുതലും കുട്ടികളെ ചെസ് രംഗത്തെ പ്രഗത്ഭരാക്കാൻ സഹായിക്കുമെന്നു ബാബു പറയുന്നു. അന്തിക്കാട്, നെടുപുഴ മേഖലയിലെ 2 സ്കൂളുകൾ കൂടി ക്യാംപിനായി തിരഞ്ഞെടുത്തിട്ടുണ്ട്.ദീർഘകാലം ചെസ് സംഘടനയുടെ ജില്ലാ പ്രസിഡന്റും രാജ്യാന്തര റേറ്റഡ് കളിക്കാരനുമായ ബാബു 20 വർഷമായി ചെസ് പഠിപ്പിക്കുന്നതിന്റെയും ഒട്ടേറെ ക്യാംപുകൾ സംഘടിപ്പിച്ചതിന്റെയും അനുഭവ സമ്പത്തിൽ നിന്നാണു ക്യാംപിനു തുടക്കം കുറിച്ചത്. പൂർണ പിന്തുണയുമായി അധ്യാപകരും കൂടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com