ADVERTISEMENT

ഗുരുവായൂർ ∙ കൈവിട്ടു പോയ ജീവിതം തിരിച്ചു നൽകിയവരെ എടക്കഴിയൂർ പെരിങ്ങാട്ട് സജീവന്റെ (47) കുടുംബം 12 വർഷത്തിനു ശേഷം സ്നേഹപൂർവം സ്വീകരിച്ചു. റിട്ട. ക്രൈംബ്രാഞ്ച് എസ്പി ആർ.കെ.ജയരാജ്, മുൻ സ്പെഷൽ ബ്രാഞ്ച് എസ്ഐ മണലൂർ ഗോപിനാഥ്, സാമൂഹിക പ്രവർത്തക രഞ്ജിനി അനിലൻ എന്നിവർ ഇന്നലെ ഗുരുവായൂരിലെ സജീവന്റെ വാടക ഫ്ലാറ്റിൽ ഒരുമിച്ചു. ഭാര്യയും 3 പെൺകുട്ടികളും ഒരാൺകുട്ടിയും അടങ്ങുന്ന കുടുംബവുമായി ജീവിതം മടുത്ത് എന്തു കടുംകയ്യും ചെയ്യാൻ തയാറായിട്ടാണ് സജീവൻ 12 വർഷം മുൻപ് ഗുരുവായൂരിലെത്തിയത്. അന്നു ഗുരുവായൂരിൽ സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു മണലൂർ ഗോപിനാഥ്.  

ക്ഷേത്ര പരിസരത്ത് ഈ കുടുംബത്തെ 3 ദിവസമായി കാണുന്നു. പന്തികേട് തോന്നിയ ഗോപിനാഥ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രേമവിവാഹം, വീട്ടിലാകെ പ്രശ്നം, രോഗം, കടം, കയറിക്കിടക്കാൻ ഇടമില്ല, ജീവിതം മടുത്തു... സജീവൻ പറഞ്ഞു. ഗോപിനാഥ് ഉടൻ അസി. പൊലീസ് കമ്മിഷണർ ആർ.കെ.ജയരാജിനെ വിവരം അറിയിച്ചു. അദ്ദേഹം പ്രശ്നങ്ങൾ കേട്ടു, ആശ്വസിപ്പിച്ചു, സഹായിച്ചു. നെന്മിനിയിൽ താമസത്തിനു വീടു ശരിയാക്കി. ഇവരെ ശ്രദ്ധിക്കാൻ കുടുംബശ്രീ ജില്ലാ മിഷനിലെ സാമൂഹിക പ്രവർത്തക രഞ്ജിനി അനിലനെ ചുമതലപ്പെടുത്തി.

ര‍ഞ്ജിനിയുടെ ശ്രമഫലമായി ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ 3 സെന്റ് ഭൂമി ലഭിച്ചു. അവിടെ ഒരു ഷെഡിൽ താമസിച്ച് കുട്ടികളെ പഠിപ്പിച്ചു. ഗുരുവായൂരിൽ ഇപ്പോൾ വാടകയ്ക്കാണ് താമസം. സജീവൻ ഒരു കടയിൽ ജോലി ചെയ്യുന്നു. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകൾ വിദേശത്ത് ജോലി ചെയ്യുന്നു. മറ്റു രണ്ടു കുട്ടികൾ പഠിക്കുന്നു.

കഴിഞ്ഞ ദിവസം മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്നേഹസ്പർശം പരിപാടിക്ക് ആർ.കെ.ജയരാജ് എത്തുന്നു എന്നറിഞ്ഞ് സജീവൻ കാണാൻ എത്തി. സജീവന്റെ ക്ഷണം അനുസരിച്ച്  ഇന്നലെ എല്ലാവരും വീട്ടിലെത്തി. ഭാര്യ ധന്യ, മക്കളായ ദൃശ്യ, ഗൗരി, നിരഞ്ജൻ എന്നിവരടങ്ങുന്ന കുടുംബം തങ്ങൾക്കു ജീവിതം തന്നവരെ 12 വർഷത്തിനു ശേഷം വീണ്ടും കണ്ടുമുട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com