ADVERTISEMENT

തൃശൂർ∙ കഴിഞ്ഞ ഒരാഴ്ച മാത്രം വ്യാജ ഓൺലൈൻ ഗെയിമിങ്, ട്രേഡിങ്, ക്രിപ്റ്റോ തട്ടിപ്പുകളിൽപ്പെട്ട് മലയാളികൾക്ക് നഷ്ടമായത് 1.95 കോടി രൂപ. ഈ കാലയളവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തികത്തട്ടിപ്പുകൾ റജിസ്റ്റർ ചെയ്യപ്പെട്ടത് തൃശൂർ സിറ്റി പൊലീസ് പരിധിയിൽ– 6 കേസുകൾ.

4 കേസുകളുമായി തിരുവനന്തപുരം സിറ്റി പിന്നാലെയുണ്ട്. വളരെക്കുറച്ച് ഇരകൾ മാത്രമേ പരാതിയുമായി മുന്നോട്ടു വരുന്നുള്ളൂ എന്നും അതിനാൽ തട്ടിപ്പിന്റെ വ്യാപ്തി ഇതിലേറെയാണെന്നും പൊലീസ് അധികൃതർ പറഞ്ഞു. രാജ്യാന്തര കമ്പനിയുടെ പ്രാഥമിക ഓഹരി വിൽപനയിലൂടെ ഇരട്ടിലാഭം നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തൃശൂർ കുരിയച്ചിറയിലെ മുതിർന്ന പൗരനിൽ നിന്ന് 41 ലക്ഷം രൂപ കവർന്നത്.

‘അനാന്റ ക്യാപിറ്റൽ’ എന്ന സൈറ്റ് വഴിയും ‘അപർണ ഗുപ്ത’ എന്ന ടെലിഗ്രാം അക്കൗണ്ട് വഴിയുമാണ് പത്തു തവണകളായി പല അക്കൗണ്ടുകളിൽ നിന്ന് 44 ലക്ഷം വാങ്ങിയത്. ആദ്യഘട്ടത്തിൽ ലാഭവിഹിതമെന്ന് പറഞ്ഞ് മൂന്നു ലക്ഷത്തോളം രൂപ തിരികെ കൊടുത്തു വിശ്വാസമാർജിച്ച ശേഷമായിരുന്നു കൂടുതൽ തുക വാങ്ങിയെടുത്തത്.

പിന്നീട് സൈറ്റിൽ നിന്ന് വിവരങ്ങളൊന്നും കിട്ടാതായപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്. ഇടപാടുകൾ പൂർണമായും ടെലിഗ്രാം ആപ് വഴിയായിരുന്നു. കൊല്ലം സ്വദേശിയായ റിട്ട.സർക്കാർ ഉദ്യോഗസ്ഥന് ചതി പറ്റിയത് സ്റ്റോക്ക് മാർക്കറ്റ് വിന്നേഴ്സ് ക്ലബ് 48, സ്റ്റോക് മാർക്കറ്റ് റിസർച് ഗ്രൂപ്പ് 48 എന്നീ വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാകുക വഴിയാണ്.

സെബിയുടെ അംഗീകൃത ഏജന്റ് ആണെന്നും പ്രഫഷനൽ സ്റ്റോക്ക് വിശകലനം നടത്തുന്ന വിദഗ്ധർ സംശയങ്ങൾക്ക് മറുപടി പറയുമെന്നുമായിരുന്നു ‘ഇൻവെസ്റ്റ്മെന്റ് മാർക്കറ്റ് ചാംപ്യൻസ് ക്ലബ്’ എന്ന വാട്സാപ് ഗ്രൂപ്പിൽ ചേർന്നു പണം നഷ്ടപ്പെട്ട കൊല്ലം ചാത്തന്നൂർ സ്വദേശിയോട് തട്ടിപ്പുകാർ പറഞ്ഞത്.

ദിവസവും 5 ശതമാനം മൂല്യം ഉയർത്തുന്ന ബുൾ സ്റ്റോക്കുകൾ പരിചയപ്പെടുത്താമെന്നു പറഞ്ഞാണ് വിവിധ ലിങ്കുകൾ അയച്ചുകൊടുത്തത്. അദ്ദേഹത്തിനു നഷ്ടപ്പെട്ട് 18.5 ലക്ഷം രൂപയാണ്. സൈബർ പൊലീസിൽ നിന്നാണെന്നും കുറ്റകൃത്യത്തിൽ നിന്ന് രക്ഷിക്കാൻ പണം നൽകിയാൽ മതിയെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ആലപ്പുഴയിൽ ഒരു പൊലീസുകാരന്റെ മകന്റെ അക്കൗണ്ടിൽ നിന്ന് പണം കവർന്നതായും കേസ് ഉണ്ട്.

ബ്രാൻഡിങ് വിദഗ്ധരുടെ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞാണ് തൃശൂർ നഗരമധ്യത്തിലെ മുപ്പതുകാരി വീട്ടമ്മയെ കബളിപ്പിച്ചത്. വാട്സാപ് വഴി ഗൂഗിൾ മാപ്പിനു റിവ്യൂ നൽകലാണ് ജോലി എന്നും ഗ്രൂപ്പ് ടാസ്ക് ചെയ്താൽ 40 ശതമാനം കമ്മിഷൻ‌ നൽകുമെന്നും വിശ്വസിപ്പിച്ചു.

ആദ്യ ടാസ്ക്കുകൾക്ക് പ്രതിഫലം നൽകാനെന്നു പറഞ്ഞ് വീട്ടമ്മയുടെ അക്കൗണ്ട് വിശദാംശങ്ങൾ കൈക്കലാക്കി. ചെറിയ തുക പ്രതിഫലം കൊടുത്ത് വിശ്വാസം നേടി ഗ്രൂപ്പ് ടാസ്ക്കുകളിലേക്കുള്ള പ്രവേശന ഫീസ് എന്ന മട്ടിൽ 8.69 ലക്ഷം രൂപയാണ് കവർന്നത്. ഇന്റർനെറ്റിലെ സൈറ്റുകളിൽ വീട്ടിലിരുന്നു പണം സമ്പാദിക്കാം എന്ന പരസ്യം കണ്ട് അപേക്ഷിക്കുന്നവരുടെ നമ്പറുകളാണ് തട്ടിപ്പുകാരുടെ ഡേറ്റാ ബേസിലേക്ക് എത്തുന്നത്.

ഹോട്ടലുകൾക്കും ആഡംബര വില്ലകൾക്കും ഫീഡ്ബാക്കും റിവ്യൂവും എഴുതി പണം സമ്പാദിക്കാമെന്നു പറഞ്ഞതു വിശ്വസിച്ചാണ് ആളൂർ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നു പൈസ പോയത്. ഗോൾഡ്മാൻ സാക്‌സ്, ജെഫ്രീസ് ഇന്ത്യ, ലോങ് ക്രീക് എന്നീ സ്ഥാപനങ്ങളുടെ വ്യാജ ട്രേഡിങ് പരസ്യം ഫെയ്സ്ബുക്കിൽ കണ്ട് ലിങ്കിൽ ക്ലിക് ചെയ്തപ്പോഴാണ് വയനാട് മാനന്തവാടി സ്വദേശിക്ക് 23 ലക്ഷം നഷ്ടമായത്.

ലിങ്ക് വഴി ചില ഗ്രൂപ്പുകളിൽ ആഡ് ആക്കുകയും അവരുടെ അക്കൗണ്ട് ഉപയോഗിച്ച് ട്രേഡിങ് ചെയ്യുകയാണെങ്കിൽ 800 മുതൽ 1000 ശതമാനം വരെ ലാഭം നൽകാമെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. പല തവണ നടത്തിയ 24 ബാങ്ക് ഇടപാടുകളിലായി 23 ലക്ഷം കവർന്നു. ഓൺലൈൻ ഗെയിം കളിച്ച് ലാഭം നേടാമെന്ന് കരുതി 15 ലക്ഷം പോയ തൃശൂർ നെല്ലുവായ് സ്വദേശിനി വീട്ടമ്മയ്ക്കും തട്ടിപ്പുകാർ ലിങ്ക് നൽകിയത് ടെലിഗ്രാം ആപ് വഴിയാണ്. പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് കേരള സർക്കാരിന്റെ ഔദ്യോഗിക മുദ്ര ചേർത്ത വ്യാജരേഖയും ഇലക്ട്രോണിക് റെക്കോർഡുകളും ഉപയോഗിച്ചാണ് തിരുവനന്തപുരത്ത് രണ്ടു യുവതികളെ കബളിപ്പിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിലേക്ക് എൻഎച്ച്കെ പ്രോജക്ട് വഴി നിയമനം നൽകാമെന്ന് വിശ്വസിപ്പിച്ച ശേഷം ഇതിന്റെ വ്യാജ ഓർഡറും അപേക്ഷിക്കേണ്ട രീതിയും പറഞ്ഞ് വാട്സാപ് വഴിയും ഇ–മെയിൽ വഴിയും ബന്ധപ്പെട്ടു. നിയമനം ഉറപ്പാക്കാൻ എന്ന മട്ടിൽ ക്യൂആർ കോഡ് സ്കാനിങ് വഴി 35,000 രൂപ വീതം കൈക്കലാക്കി എന്നാണ് കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com