ഗുരുവായൂരിൽ പുതിയ അലങ്കാര ഗോപുരവും നടപ്പന്തലും സമർപ്പിച്ചു
Mail This Article
ഗുരുവായൂർ ∙ ക്ഷേത്രം കിഴക്കേനടയിൽ നിർമിച്ച പുതിയ നടപ്പന്തലിന്റെയും അലങ്കാര ഗോപുരത്തിന്റെയും സമർപ്പണം ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് നിർവഹിച്ചു. അലങ്കാര ഗോപുരത്തിനു താഴെ ശ്രീകൃഷ്ണ പ്രതിമയ്ക്കു മുന്നിലെ നിലവിളക്കിൽ അദ്ദേഹം ആദ്യ തിരി തെളിച്ചു.
നടപ്പന്തലും അലങ്കാര ഗോപുരവും വഴിപാടായി സമർപ്പിച്ച ചടങ്ങിൽ വിഘ്നേഷ് വിജയകുമാർ മേനോൻ, ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ വി.ജി.രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ കെ.എസ്.മായാദേവി, പ്രമോദ് കളരിക്കൽ, ദേവസ്വം എക്സി. എൻജിനീയർ എം.കെ.അശോക്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാർ മേനോനാണു നടപ്പുരയും അലങ്കാര ഗോപുരവും നിർമിച്ചു വഴിപാടായി സമർപ്പിച്ചത്. 70 മീറ്റർ നീളത്തിലാണു നടപ്പുര. ഇരുനിലകളായുള്ള അലങ്കാര ഗോപുരത്തിൽ അഞ്ചര അടി ഉയരത്തിൽ ചെമ്പിൽ വാർത്തെടുത്ത 3 താഴികക്കുടങ്ങളുണ്ട്. ദശാവതാരം, ഉഷഃപൂജ കണ്ണൻ, ഗുരുവായൂരപ്പൻ തുടങ്ങിയ ശിൽപങ്ങളും ഗോപുര കവാടത്തിലുണ്ട്.