വള്ളിയമ്മയ്ക്ക് ആകെയുള്ള അഭയവും നഷ്ടമായി; ലൈഫ് ഭവന പദ്ധതിയിൽ നിന്നും പുറത്തായി വള്ളിയമ്മ
Mail This Article
കാട്ടൂർ ∙ പ്രളയത്തിൽ നശിച്ച വീടിനു പകരം ഭവന പദ്ധതിയിൽ പുതിയ വീടു നിർമിക്കാൻ തറ കെട്ടിയെങ്കിലും ആദ്യഘട്ട നിർമാണം കഴിഞ്ഞതോടെ വള്ളിയമ്മ ലൈഫ് ഭവന പദ്ധതിയിൽ നിന്നും പുറത്തായി. മുനയം സ്വദേശിയായ തുപ്രാടൻ വള്ളിയമ്മയുടെ (74) ഇപ്പോഴത്തെ താമസം ടാർപോളിൻ ഷീറ്റ് മേഞ്ഞ കുടിലിലാണ്. കനോലി കനാലിന്റെ തീരത്തെ അഞ്ചര സെന്റ് സ്ഥലത്തു താൽക്കാലിക ഷെഡിൽ വർഷങ്ങളായി താമസിക്കുന്ന ഇവർക്കു കനാൽ വീതി കൂട്ടുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ലൈഫിൽ ഇനി തുക അനുവദിക്കാൻ നിർവാഹമില്ലെന്നായിരുന്നു ഉദ്യോസ്ഥരുടെ മറുപടിയെന്നു വള്ളിയമ്മ പറയുന്നു.
2018 ലെ പ്രളയത്തിലാണ് ഓല മേഞ്ഞ വീടു നശിച്ചത്. പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട ഇവർക്ക് ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമിക്കാൻ 95,000 രൂപ ആദ്യ തുക ലഭിച്ചു തറ പണി കഴിഞ്ഞു രണ്ടാം ഘട്ടത്തിലെ തുക ലഭിക്കാനുള്ള അപേക്ഷ നൽകിയ സമയത്താണ് ലൈഫ് മിഷന്റെ സൈറ്റിൽ നിന്നും വള്ളിയമ്മയുടെ പേര് അപ്രത്യക്ഷമായ വിവരം അറിഞ്ഞത്. ഇതോടെ ഉദ്യോഗസ്ഥർ അപേക്ഷ നിരസിച്ചു. വീടിനായി ഇരിങ്ങാലക്കുട താലൂക്ക് ഓഫിസിൽ അപ്പീൽ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ ഡിസംബറിൽ നടന്ന നവകേരള സദസ്സിൽ പരാതി നൽകിയതിനെ തുടർന്നു വില്ലേജ് ഓഫിസർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും നടപടിയായില്ല. മഴക്കാലം ആയതോടെ വള്ളിയമ്മ രാത്രി കഴിച്ചു കൂട്ടുന്നത് ബന്ധു വീടുകളിലാണ്.