നവകേരള സദസ്സ്: ചികിത്സ സഹായ അപേക്ഷ തീർപ്പാക്കിയില്ല; പക്ഷേ, തീർപ്പാക്കി പോലും !
Mail This Article
മുല്ലശേരി ∙ നവകേരള സദസ്സിൽ ചികിത്സ സഹായത്തിനായി നൽകിയ അപേക്ഷ തീർപ്പാക്കാതെ തീർപ്പാക്കിയതായി പരാതിക്കാരനു മറുപടി സന്ദേശം. ഇതു സംബന്ധിച്ചു ഫോൺ സന്ദേശത്തിൽ പറഞ്ഞ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ അറിയില്ലെന്നു വിശദീകരണം. മുല്ലശേരി ബ്ലോക്ക് സെന്ററിൽ നെടിയേടത്ത് വീട്ടിൽ സതീഷാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വലയുന്നത്.സതീഷിന്റെ മകൻ 3 വർഷം മുൻപ് അസുഖം ബാധിച്ചുമരിച്ചിരുന്നു. കഴിഞ്ഞ വർഷം ഭാര്യയും അർബുദത്തെത്തുടർന്ന് മരിച്ചു. 20 ലക്ഷം രൂപ ചികിത്സയ്ക്കായി ചെലവിട്ടു.
ഇതോടെ കടത്തിൽ മുങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകാനാത്ത അവസ്ഥയിലായി. മകളോടൊപ്പം കൂലിപ്പണിയെടുത്താണ് ജീവിതം. തുടർന്നാണ് കഴിഞ്ഞ ഡിസംബർ 5ന് പാവറട്ടിയിൽ നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ സഹായത്തിനായി അപേക്ഷിച്ചത് തുടർന്ന് ഇവർക്ക് സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാർ ഓഫിസിൽ നിന്നും ചാവക്കാട് അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിൽ നിന്നും ടിഎസ്ആർഒ 643930 എന്ന നമ്പർ പ്രകാരം പരാതി തീർപ്പാക്കിയതായി സന്ദേശം വന്നു.
എന്നാൽ ചികിത്സ സഹായം ലഭിക്കുകയോ മറ്റു കത്തിടപാടുകളോ ഉണ്ടായില്ല. 2 ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ മേൽപറഞ്ഞ നമ്പറിൽ ഇൗ ഓഫിസുകളിൽ നിന്നും സന്ദേശങ്ങൾ പോയിട്ടില്ലെന്നാണ് പറയുന്നത്. നവകേരള സദസ്സിന്റെ മണലൂർ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള കലക്ടറേറ്റിലെ നോഡൽ ഓഫിസർ പറയുന്നത് സഹകരണ വകുപ്പ് ചാവക്കാട് അസിസ്റ്റന്റ് റജിസ്ട്രാറുമായി ബന്ധപ്പെടാനാണ്.
ചികിത്സാ സഹായത്തിനായി നൽകിയ അപേക്ഷ ഇതുമായി ബന്ധമില്ലാത്ത സഹകരണ വകുപ്പിലേക്ക് എങ്ങനെ പോയി എന്നതും ദുരൂഹമാണ്. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് വീണ്ടും പരാതി നൽകി കാത്തിരിക്കുകയാണ് സതീഷും കുടുംബവും.