തൃശൂർ റെയിൽവേ സ്റ്റേഷനിൽ അതിഥിത്തൊഴിലാളി പ്രസവിച്ചു
Mail This Article
തൃശൂർ ∙ റെയിൽവേ സ്റ്റേഷനിൽ ഇതരസംസ്ഥാനക്കാരിയായ യുവതി പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണു സംഭവം. ഒന്നാം പ്ലാറ്റ്ഫോമിനു സമീപം എസ്കലേറ്ററിനടുത്താണു സെക്കന്ദരാബാദ് സ്വദേശിയും അതിഥിത്തൊഴിലാളിയുമായ ജസ്ന ബീഗം എന്ന യുവതി പെൺകുഞ്ഞിനു ജന്മം നൽകിയത്. പൂർണഗർഭിണിയായ യുവതിയെ അവശനിലയിൽ കണ്ടതിനെത്തുടർന്ന് ഒരു യാത്രക്കാരനാണു റെയിൽവേ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്നു റെയിൽവേ പൊലീസ് എത്തി ആംബുലൻസ് സജ്ജീകരിച്ചു യുവതിയെ ആശുപത്രിയിലേക്കു മാറ്റാൻ ഒരുങ്ങുമ്പോഴാണു പ്രസവം നടന്നത്.
ആംബുലൻസ് എത്തുന്നതിനു മുൻപു യുവതി പ്രസവിച്ചു. വനിതാ ആർപിഎഫ് ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ എന്നിവർ സമയോചിതമായി ഇടപെട്ടു. ക്ലീനിങ് തൊഴിലാളികളായ സുഹറ, നിഷിത എന്നിവർ ധൈര്യത്തോടെ പ്രവർത്തിച്ചെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത കടയിൽ നിന്ന് കത്രിക എത്തിച്ചു പൊക്കിൾക്കൊടി മുറിച്ചു. 2 വയസ്സു പ്രായമുള്ള ഒരു കുട്ടി മാത്രമാണു യുവതിയുടെ ഒപ്പം ഉണ്ടായിരുന്നത്. സെക്കന്ദരാബാദിലേയ്ക്കു യാത്ര ചെയ്യാനാണു റെയിൽവേ സ്റ്റേഷനിലെത്തിയത് എന്നാണു യുവതി ആർപിഎഫ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.