തിരുമുടിക്കുന്ന് ത്വക്ക് രോഗ ആശുപത്രിയിൽ ഇനിയും തുറക്കാതെ പരിശീലനകേന്ദ്രം
Mail This Article
കൊരട്ടി ∙ തിരുമുടിക്കുന്ന് സർക്കാർ ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി വളപ്പിൽ ഹ്യുമൻ റിസോഴ്സ് പരിശീലനകേന്ദ്രം നിർമാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും അടഞ്ഞുകിടക്കുകയാണ്. 10 കോടി രൂപ ചെലവിലായിരുന്നു നിർമാണം. രണ്ടര കോടി രൂപ ചെലവിൽ റിസോഴ്സ് സെന്ററിന് അക്കൊമഡേഷൻ ബ്ലോക്കും നിർമിച്ചു. 2013ലാണു പരിശീലന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 2021ലാണ് അക്കൊമഡേഷൻ ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തിയത്. 2 വർഷത്തിനുള്ളിൽ കേന്ദ്രം പ്രവർത്തനസജ്ജമാക്കുമെന്നായിരുന്നു നിർമാണം ആരംഭിച്ച ഘട്ടത്തിലെ പ്രഖ്യാപനമെങ്കിലും ഒരു പതിറ്റാണ്ടു പിന്നിട്ടിട്ടും പാലിക്കപ്പെട്ടില്ല.
സെമിനാർ ഹാളുകൾ, കോൺഫറൻസ് ഹാളുകൾ എന്നിവ അടക്കം ഒട്ടേറെ സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്. രണ്ടാം ഘട്ടത്തിൽ താമസസൗകര്യം, കന്റീൻ എന്നിവയും ഉൾപ്പെടുത്തി. ഗവ. ത്വക് രോഗ ആശുപത്രിയിലെ 118 ഏക്കറോളം ഭൂമിയിൽ നിന്ന് 10 ഏക്കർ സ്ഥലം ഏറ്റെടുത്തായിരുന്നു പരിശീലന കേന്ദ്രം കെട്ടിടം സജ്ജമാക്കിയത്. പരിശീലന കേന്ദ്രം ആരംഭിക്കാൻ ഒട്ടേറെ നിയമനങ്ങൾ നടത്തണം. കേന്ദ്രം ഡയറക്ടർ അടക്കമുള്ള നിയമനങ്ങൾക്കു തസ്തിക സൃഷ്ടിക്കണം. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ നിയമനങ്ങൾക്ക് സാധ്യത കുറവാണ്. ഇതു കേന്ദ്രം പ്രവർത്തന സജ്ജമാക്കാത്തതിനുള്ള കാരണങ്ങളിൽ പ്രധാനമാണ്.