ADVERTISEMENT

തൃശൂർ ∙ ചങ്ങാതി, സഞ്ചാരി, കല്ലൻ... നമ്മുടെ നാട്ടിൽ കൂടുതലായി കാണപ്പെടുന്ന തുമ്പികളുടെ പേരുകളാണിവ. ഓണത്തുമ്പി, സൂചിത്തുമ്പി എന്നിങ്ങനെയുമുണ്ട് തുമ്പികൾ. മഴ മാറി വെയിൽ വിരിയുമ്പോഴാണു തുമ്പികളുടെ വരവ്. ഓണക്കാലത്തു സ്വർണച്ചിറകുകളുമായി തെന്നിപ്പറക്കുന്ന തുമ്പികളെ കണ്ടിട്ടില്ലേ..അവയാണ് ഓണത്തുമ്പി. കട്ടിയുളള വാലും വലുപ്പവും തോന്നിക്കുന്നവ കല്ലൻ തുമ്പി. നേർ‌ത്ത വാലും നേർത്ത ചിറകുകളുമായി ഒഴുകിപ്പറക്കുന്ന സൂചിത്തുമ്പി. വിചാരിക്കുന്നതിനേക്കാൾ അധികമാണു നമ്മുടെ നാട്ടിൽ ഇവയുടെ വൈവിധ്യം. പരിസ്ഥിതിയിലെ മാറ്റങ്ങളുമായി ഏറെ ബന്ധമുണ്ട് ഇവയുടെ വരവിനും പോക്കിനും. പരിസ്ഥിതിയിലെ മാറ്റങ്ങൾ അറിയാൻ സാധിക്കുന്ന ജൈവ സൂചകരാണു തുമ്പികൾ.  കോൾ തണ്ണീർത്തട ആവാസ വ്യവസ്ഥയിലെ തുമ്പികളുടെ വൈവിധ്യം രേഖപ്പെടുത്തുന്നതിനു ജനകീയ വാർഷിക സർവേ നടത്തിയപ്പോൾ കണ്ടെത്തിയതു 30 വ്യത്യസ്ത തരം തുമ്പികളെയാണ്.

അടാട്ട്, മാറഞ്ചേരി, തൊമ്മാന, പാലയ്ക്കൽ, ചേനം, മനക്കൊടി, പുള്ള്, ഉപ്പുങ്ങൽ, പുല്ലഴി, ഏനാമ്മാവ് എന്നീ പ്രദേശങ്ങളിലാണു സർവേ നടത്തിയത്. 8 ഇനം സൂചി തുമ്പികൾ (Damsel fly), 22 ഇനം കല്ലൻ തുമ്പികൾ (Dragon fly) എന്നിവയെ സംഘം കണ്ടെത്തി. മിക്ക പ്രദേശങ്ങളിലും കൂടുതൽ ഉണ്ടായിരുന്നതു ചങ്ങാതി തുമ്പികളും (Ditch Jewel) ഓണത്തുമ്പികളും (Common Picture wing) സഞ്ചാരി തുമ്പികളും (Wandering Glider) ആയിരുന്നു. പക്ഷികളുടെ കണക്കെടുപ്പും ഇതോടൊപ്പം നടത്തി. ദേശാടന കാലത്തെ വരവറിയിച്ചു വർണ്ണക്കൊക്കുകൾ, പെലിക്കനുകൾ, ചട്ടുകക്കൊക്കൻമാർ എന്നിവയെ കോൾപാടത്തു കണ്ടെത്തി. വിശദമായ റിപ്പോർട്ട് www.kole.org.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 55 നിരീക്ഷകരാണു പങ്കെടുത്തത്. 

കോൾനിലങ്ങളിലെ തുമ്പികളെക്കുറിച്ചു ഡോ.വിവേക് ചന്ദ്രൻ ഓൺലൈൻ ക്ലാസ് നയിച്ചു.  രാജശ്രീ വാസുദേവൻ, മനോജ് കരിങ്ങാമഠത്തിൽ, രാജു കാവിൽ, പി.കെ.സിജി, കെ.എസ്.സുബിൻ, ഡോ.ആദിൽ നഫർ, മിനി ആന്റോ, ആർ.വി.രഞ്ജിത്ത്, അലൻ അലക്സ്, കെ.പി.ഡിജുമോൻ, എസ്.പ്രശാന്ത്, ജെ.ജയിൻ, ധന്യ ശ്രീജിത്ത്, ആർ.ലതീഷ് നാഥ്, സേതുമാധവൻ, സണ്ണി ജോസഫ്, ഡോ.മഹേഷ്, അളകനന്ദ, രാഹുൽ ശങ്കർ, മനോജ് കുന്നമ്പത്ത് എന്നിവർ വിവിധ പ്രദേശങ്ങളിൽ സർവേകൾക്കു നേതൃത്വം നൽകി. സെന്റ് അലോഷ്യസ്, സെന്റ് തോമസ്, ശ്രീകൃഷ്ണ കോളജുകളിലെ വിദ്യാർഥികളും സർവേയിൽ പങ്കെടുത്തു.

English Summary:

This article explores the diverse world of dragonflies found in India. Learn about common names like "traveler" and "thief," the unique Onam dragonfly, and how these insects act as bioindicators for environmental health. Discover the findings of a recent survey in the Kole wetlands highlighting the rich diversity of these fascinating creatures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com