ADVERTISEMENT

ചാലക്കുടി ∙ നഗരസഭാ പ്രദേശത്തു സ്വന്തം വീടുകളുടെ പരിസരവും വീടുകൾക്കു മുൻപിലെ പൊതു ഇടവും മാലിന്യം ഒഴിവാക്കി, ശുചിയായി സൂക്ഷിക്കുന്ന വിദ്യാർഥികളെ തിരഞ്ഞെടുത്തു സമ്മാനം നൽകാൻ നഗരസഭയുടെ പദ്ധതി. 10,000 രൂപ, 5000 രൂപ, 3000 രൂപ വീതമാണ് ഒന്ന്, രണ്ട്, മൂന്നു സ്ഥാനക്കാർക്കു യഥാക്രമം നൽകുക. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായുള്ള പ്രത്യേക ശുചിത്വ ക്യാംപെയിനിലാണു സമ്മാനപ്പെരുമഴയൊരുക്കി വൃത്തിയുടെ വീഥിയൊരുക്കാനുള്ള ശ്രമം.ദേശീയപാത ഉൾപ്പെടെ വഴിയോരങ്ങളും കനാൽ പുറംപോക്ക് റോഡുകളും മാലിന്യമുക്തമാക്കി ശുചീകരിക്കുന്ന ഒന്നാം ഘട്ടം പ്രവർത്തനം നഗരസഭ പൂർത്തിയാക്കി വരികയാണ്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനായി 40 സ്ഥലങ്ങളിൽ നഗരസഭ ക്യാമറകൾ സ്ഥാപിക്കുകയും മാലിന്യം നിക്ഷേപിച്ച ഒട്ടേറെ വാഹനങ്ങളെയും വ്യക്തികളെയും കണ്ടെത്തി പിഴ ഈടാക്കുന്നത് ഉൾപ്പെടെ ശിക്ഷാ നടപടികളും സ്വീകരിച്ചിരുന്നു.

വിദ്യാർഥികൾക്കു പുറമെ വയോജനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സ്ഥാപനങ്ങൾ, വാർഡുകൾ എന്നിവരെ മത്സര അടിസ്ഥാനത്തിൽ പ്രത്യേക ചാലഞ്ചിൽ പങ്കെടുപ്പിക്കുന്നതാണു രണ്ടാം ഘട്ടം. ഇതിനു മുന്നോടിയായി നഗരസഭാധ്യക്ഷന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സംസ്ഥാന ശുചിത്വ മിഷൻ പ്രതിനിധികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തി ക്യാംപെയ്ൻ സംബന്ധിച്ചു വിദ്യാർഥികളുമായി വിവരങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള യോഗങ്ങൾ പൂർത്തിയായി വരികയാണ്.സ്വന്തം വീടുകളുടെ പരിസരവും പൊതുഇടവും ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന വിദ്യാർഥികൾക്കും മുതിർന്ന പൗരൻമാർക്കും ഒരു പ്രദേശം വൃത്തിയായി പരിപാലിക്കുന്ന റസിഡന്റ്സ് അസോസിയേഷനും വിവിധ സ്ഥാപനങ്ങൾക്കും മികച്ച ശുചിത്വ വാർഡിനും ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണു സമ്മാനങ്ങൾ നൽകുക. 

നവംബർ 1 മുതൽ 5 വരെ വിലയിരുത്തൽ നടത്തും. എല്ലാവരും ശുചിത്വ ചാലഞ്ചിൽ പങ്കെടുക്കാൻ പരിശ്രമിക്കണമെന്നു നഗരസഭാധ്യക്ഷൻ എബി ജോർജ്, ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ ദീപു ദിനേശൻ, മുൻ നഗരസഭാധ്യക്ഷൻ വി.ഒ.പൈലപ്പൻ, ഹെൽത്ത് സൂപ്പർവൈസർ കെ. സുരേഷ് കുമാർ, ശുചിത്വ മിഷൻ പ്രതിനിധി സോണിയ എന്നിവർ ആവശ്യപ്പെട്ടു.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഹരിത കർമസേനയ്ക്ക് യൂസർ ഫീ നൽകുന്നവർ ആയിരിക്കണം. പ്രത്യേകം തയാറാക്കുന്ന ഗൂഗിൾ ഫോമിലാണ് അപേക്ഷ നൽകേണ്ടത്. നവംബർ 5 നു ശേഷം ചാലക്കുടിയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയും ഗവ. ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്ന പരിപാടിയിൽ വിജയികളെ പ്രഖ്യാപിച്ചു സമ്മാനങ്ങൾ വിതരണം ചെയ്യും.

English Summary:

To promote a cleaner environment, the Chalakudy Municipality is rewarding students who maintain cleanliness around their homes and public spaces. This initiative is part of the 'Malinya Muktha Nava Keralam' project, which also includes roadside cleaning and strict penalties for improper waste disposal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com