ADVERTISEMENT

അന്നമനട ∙ പുഴയോരത്തെ പാർശ്വഭിത്തി നിർമാണം നിലച്ചതോടെ തീരം വീണ്ടും മണ്ണിടിച്ചിൽ ഭീഷണിയിൽ. മഴയും പുഴയിൽ ജലനിരപ്പ് ഉയർന്നതും പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പുളിക്കക്കടവ് പാലത്തിന്റെ പടിഞ്ഞാറു വശത്തെ രൂക്ഷമായ മണ്ണിടിച്ചിലിനു പരിഹാരമായാണ് കരിങ്കൽ ഉപയോഗിച്ച് പാർശ്വഭിത്തി നിർമിക്കുന്നത്. കരിങ്കല്ല് ലഭ്യമാകാത്തതാണ് നിർമാണം നിലച്ചതിനു കാരണമായി പറയപ്പെടുന്നത്. 

പറമ്പിക്കുളത്തു നിന്ന് വെള്ളം ചാലക്കുടി പുഴയിലേക്കെത്തിയതോടെ പുഴയിൽ നിർമിച്ച കരിങ്കൽ കെട്ടിന്റെ ഉയരത്തിലാണ് ജലനിരപ്പ് ഇപ്പോൾ. ഇത് കെട്ടിനു കോട്ടമുണ്ടാക്കുമെന്നും തീരം കൂടുതലായി ഇടിഞ്ഞു വീഴാൻ കാരണമാകുമെന്നും പ്രദേശവാസികൾ പറയുന്നു. തീരത്തു നിന്നിരുന്ന മരങ്ങളടക്കം നിർമാണ പ്രവൃത്തികൾക്കായി നീക്കം ചെയ്തതും മണ്ണിടിച്ചിലിന്റെ ആക്കം കൂട്ടുമെന്നും ഇവർക്ക് ആശങ്കയുണ്ട്. പലരുടെയും പറമ്പുകളും വീടുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഏകദേശം മുപ്പത്തഞ്ചോളം വീടുകളാണ് ഈ ഭാഗത്തുള്ളത്. പ്രളയത്തിന് ശേഷം ഈ ഭാഗത്ത് മണ്ണിടിച്ചിൽ രൂക്ഷമാണ്.

അതിനു പുറമേ പുഴയിൽ ജലനിരപ്പുയർന്നാൽ ഇവരുടെ വീടുകൾ വെള്ളക്കെട്ടിലാകും. പല കുടുംബങ്ങളുടെയും പകുതിയോളം ഭൂമി പുഴയെടുത്തു. ഇതിനു പരിഹാരമായി തീരം കെട്ടി സംരക്ഷണത്തിനു വി.ആർ.സുനിൽകുമാർ എംഎൽഎയുടെ ശ്രമഫലമായി 25 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നുവെങ്കിലും പുഴയോരത്തേയ്ക്ക് കരിങ്കല്ല് അടക്കമുള്ള നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള സാങ്കേതിക തടസ്സം നിമിത്തം ആ സമയത്ത് നിർമാണം ആരംഭിക്കാനായില്ല. ഇതിനിടെ എസ്റ്റിമേറ്റ് തുക ഒരു കോടിയായി വർധിപ്പിക്കുകയും പുഴയോരത്ത് കരിങ്കല്ല് വിരിച്ച് താൽക്കാലിക റോഡ് ഒരുക്കുകയും ചെയ്തതോടെയാണ് ഏതാനും മാസങ്ങൾക്കു മുൻപ് പാർശ്വഭിത്തി നിർമാണം ആരംഭിക്കാനായത്.

English Summary:

The residents of Annamanada are facing a serious threat of riverbank erosion due to halted construction of a protective wall.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com