ADVERTISEMENT

മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്ക് ക്ഷാമമുള്ള ചികിത്സാ വിഭാഗങ്ങളിൽ ഒപിയിൽ ചികിത്സ നൽകേണ്ട രോഗികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. നെഫ്രോളജി, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗങ്ങളിലാണ് ഒപിയിൽ സേവനം വെട്ടിക്കുറച്ചത്. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് രണ്ട് വിഭാഗങ്ങളിലും ഒപികൾ പ്രവർത്തിക്കുന്നത്. ഇവിടെ രോഗികളുടെ എണ്ണം 250 വീതമായാണ് നിജപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 200 രോഗികൾക്ക് ഒപി കൗണ്ടർ വഴിയും 50 രോഗികൾക്ക് ഒാൺലൈനായും റജിസ്ട്രേഷൻ പൂർത്തിയാക്കി ഡോക്ടറെ കാണാൻ അവസരം നൽകും. അധികമായെത്തുന്ന രോഗികൾക്ക് പ്രവേശനം അനുവദിക്കില്ല. 400 വരെ രോഗികളെ നോക്കിയിരുന്ന സ്ഥാനത്താണ് സേവനം പകുതിയായി കുറച്ചിരിക്കുന്നത്. നെഫ്രോളജി വിഭാഗത്തിൽ വ്യാഴം മുതലാണ് പുതിയ ക്രമീകരണം.ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലാണ് രോഗികളെ വെട്ടിക്കുറയ്ക്കുന്ന പരീക്ഷണം ആദ്യമായി തുടങ്ങിയത്. റൂമറ്റോളജി ക്ലിനിക്കിലും പകരം ഡോക്ടറെ നിയമിക്കാത്ത സമാനമായ സ്ഥിതി നിലനിൽക്കുന്നു. രണ്ടാഴ്ചയായി ഇവിടെ ചികിത്സ നൽകാൻ വിദഗ്ധ ഡോക്ടറില്ല. നിലവിലുണ്ടായിരുന്ന ഡോക്ടറെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.

വൈകാതെ ഇവിടേക്കും പുതിയ ക്രമീകരണം വ്യാപിപ്പിക്കുമെന്ന ആശങ്കയിലാണ് രോഗികൾ. ചികിത്സ തേടിയെത്തി റജിസ്ട്രേഷൻ ലഭിക്കാതെ ഡോക്ടറെ കാണാൻ കഴിയാതെ ‌രോഗികൾക്ക്  മടങ്ങേണ്ട സ്ഥിതി ആശുപത്രിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് .സൂപ്പർ സ്പെഷ്യൽറ്റി വിഭാഗത്തിൽ പെടുന്ന ഗ്യാസ്ട്രോ, നെഫ്രോ വിഭാഗങ്ങളിൽ രണ്ട് വീതം ‍ഡോക്ടർമാരാണ് വർഷങ്ങളായുണ്ടായിരുന്നത്.  രണ്ടിടത്ത് നിന്നും ഓരോ സീനിയർ ഡോക്ടർമാരെ സർക്കാർ സ്ഥലം മാറ്റിയതാണ് ദുരിതമായത്. പകരം ‍ഡോക്ടർമാരെ ഇതു വരെ നിയമിച്ചിട്ടുമില്ല. നിലവിലുള്ള ഏക ഡോക്ടർമാർ രാവിലെ 8.30ന് ആരംഭിക്കുന്ന ഒപി 4 വരെയാണ് നീളുന്നത്.   ഒപിക്ക് പുറമേ വാർഡിലും അത്യാഹിത വിഭാഗത്തിലും ഐസിയുവിലും ഇതേ ഡോക്ടർമാർ തന്നെ സേവനത്തിനെത്തണം.

ഇതിന് പുറമേ  എൻഡോസ്കോപ്പി ഉൾപ്പെടെയുള്ള  സങ്കീർണമായ പരിശോധനയും 24 മണിക്കൂർ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ നിയന്ത്രണവും ഒരു ഡോക്ടർ തന്നെ നിർവഹിക്കണം. സ്വകാര്യ ആവശ്യങ്ങൾക്ക് പോലും ലീവെടുക്കാൻ കഴിയാത്ത വിധം വലിയ ജോലി ഭാരമാണ്  ഡോക്ടർമാർ നേരിടുന്നത്.ആശുപത്രിയിൽ തൃശൂരിനു പുറമേ പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും ഇവിടേക്ക് രോഗികളെത്തുന്നുണ്ട്. ബിപിഎൽ വരുമാനക്കാരായ രോഗികളാണ് ഇവരിൽ 90 ശതമാനവും. ഇവർക്ക് ചികിത്സ മുടങ്ങിയാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിയില്ല.   മുകളിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് രോഗികളുടെ എണ്ണം വെട്ടി കുറച്ചതെന്നറിയുന്നു.പ്രശ്നത്തിൽ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.

English Summary:

Mulankunnathukavu Medical College Hospital is grappling with a doctor shortage, leading to reduced OPD services in key departments like Nephrology, Gastroenterology, and Rheumatology. Patient intake has been halved, and online registration is now limited. This situation highlights the challenges faced by the Kerala healthcare system.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com