ദേശീയപാത: മുരിങ്ങൂരിലെ സർവീസ് റോഡ് പൊങ്ങത്ത് എത്തില്ല; ബ്ലാക്ക് സ്പോട്ടുകളിൽ മാത്രമെന്ന് അധികൃതർ
Mail This Article
കൊരട്ടി ∙ദേശീയപാതയിൽ കൊരട്ടി ജംക്‌ഷനിലെ മേൽപാലം, ചിറങ്ങര, മുരിങ്ങൂർ അടിപ്പാതകൾ എന്നിവയുടെ നിർമാണത്തിനൊപ്പം പൊങ്ങം മുതൽ മുരിങ്ങൂർ വരെ സർവീസ് റോഡ് നിർമിക്കുന്നതിനുള്ള സാധ്യത മങ്ങുന്നു. നിലവിലെ സ്ഥിതിയിൽ സർവീസ് റോഡുകൾ നിർമിക്കുന്നതു ബ്ലാക്ക് സ്‌പോട്ടുകൾ അടയാളപ്പെടുത്തിയ ഭാഗങ്ങളിൽ മാത്രമാണെന്നാണു ദേശീയപാത അധികൃതർ നൽകുന്ന സൂചന.
അപകടങ്ങൾ ഏറിയിട്ടും മുരിങ്ങൂർ, ജെടിഎസ് ജംക്‌ഷൻ, പെരുമ്പി, ചിറങ്ങര എന്നീ സ്ഥലങ്ങൾ ബ്ലാക്ക് സ്‌പോട്ടിന്റെ പട്ടികയില്ലെന്നും അധികൃതർ പറയുന്നു. ഇതാണു മുഴുനീള സർവീസ് റോഡ് പദ്ധതി നടപ്പാക്കുന്നതിൽ വിലങ്ങുതടിയായത്. ദേശീയപാത പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസനാണ് ഇക്കാര്യം അറിയിച്ചത്. ക്വാളിറ്റി കൺട്രോളറും ഒപ്പമുണ്ടായിരുന്നു. ചിറങ്ങരയിൽ അടിപ്പാത നിർമാണത്തിനു മുന്നോടിയായി മണ്ണു പരിശോധന നടത്തുന്ന സ്ഥലത്ത് എത്തിയതായിരുന്നു അധികൃതർ. കൊരട്ടി, കാടുകുറ്റി, മേലൂർ, അന്നമനട പഞ്ചായത്ത് നിവാസികളും വ്യാപാരികളും ജനപ്രതിനിധികളും ദീർഘ കാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു സർവീസ് റോഡ്.
കൊരട്ടി ജംക്‌ഷൻ മുതൽ ചിറങ്ങര ജംക്‌ഷൻ വരെ ഈ വർഷം മാത്രം നൂറോളം അപകടങ്ങളും 5 മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൽ മുരിങ്ങൂർ മുതൽ കൊരട്ടി വരെയും തുടർന്നു കൊരട്ടി പൊലീസ് സ്‌റ്റേഷൻ മുതൽ പെരുമ്പി വരെയുമാണു പ്രധാനമായും സർവീസ് റോഡ് ഇല്ലാത്തതും കാൽനട പോലും അസാധ്യമാകും വിധം ഇരുവശങ്ങളും താഴ്ന്നു കിടക്കുന്നതും. പൊങ്ങം മുതൽ മുരിങ്ങൂർ വരെ 2 അടിപ്പാതകളും ഒരു മേൽപാലവുമാണു നിർമാണം ആരംഭിക്കാനിരിക്കുന്നത്. നിർമിക്കുന്ന അടിപ്പാതകളുടെ ദൂരം മാത്രമാണ് നിലവിൽ ബദൽ റോഡ് നിർമിക്കുന്നത്. ഇതിലൂടെയാവും മേൽപാലം നിർമാണ സമയത്തു ദേശീയപാത വഴിയെത്തുന്ന വാഹനങ്ങൾ തിരിച്ചു വിടുന്നതും. ബദൽ റോഡിൽ നിന്നു വാഹനങ്ങൾ ദേശീയപാതയിലേക്കു തിരിഞ്ഞു പ്രവേശിക്കുന്ന ഭാഗത്തു ഗതാഗതക്കുരുക്കിനും അപകടാവസ്ഥയ്ക്കും സാധ്യതയേറെയുള്ളതാണു സർവീസ് റോഡിനായി ജനം മുറവിളി കൂട്ടാൻ കാരണം.
പൊങ്ങം മുതൽ മുരിങ്ങൂർ വരെ സർവീസ് റോഡ് വേണമെന്ന ആവശ്യവുമായി ‘സേവ് കൊരട്ടി’ പ്രവർത്തകർ മനുഷ്യച്ചങ്ങല അടക്കമുള്ള സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള ബദൽ റോഡിന്റെയും ഡ്രെയ്നേജ് സംവിധാനത്തിന്റെയും പരാതികളിൽ പരിഹാരം കാണുമെന്നും അധികൃതർ അറിയിച്ചുചിറങ്ങരയിൽ ദേശീയപാതയിൽ അടിപ്പാത നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൊരട്ടി ജംക്‌ഷനിലെ മേൽപാല നിർമാണം ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.