കലക്ടർ ഇടപെട്ടിട്ടും 21 ലക്ഷം ചെലവഴിച്ചിട്ടും ഭരത മാക്കിലക്കുളം ചിറ ചോരുന്നു
Mail This Article
തൃക്കൂർ ∙ നീരൊഴുക്കിൽ തകർന്ന ഭരത മാക്കിലക്കുളം ചിറയുടെ പുനർനിർമാണത്തിന് 21 ലക്ഷം രൂപ ചെലവഴിച്ചിട്ടും ചോർച്ച തടയാനായില്ലെന്ന ആരോപണവുമായി കർഷകനായ കല്ലൂക്കാരൻ കൊച്ചപ്പൻ രംഗത്ത്. പഞ്ചായത്ത് അസി. എൻജിനീയർ പൊതുപണം ദുർവ്യയം ചെയ്തുവെന്നും അന്വേഷിക്കണമെന്നുമാണ് പരാതി. 2021 ഒക്ടോബർ മാസത്തിലാണ് ചെമ്പങ്കണ്ടം മലയിൽനിന്നുണ്ടായ ശക്തമായ നീരൊഴുക്കിൽ ചിറ തകർന്നത്. സമീപത്തെ കല്ലൂക്കാരൻ കൊച്ചപ്പന്റെ കൃഷിയിടം പൂർണമായി നശിച്ചിരുന്നു.
കൊച്ചപ്പൻ നിരന്തരം നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ 21.60 ലക്ഷം രൂപ ബണ്ട് പുനർനിർമിക്കാൻ അനുവദിച്ചിരുന്നു. നാശനഷ്ടങ്ങൾ പരിഹരിക്കാൻ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ ഉൾപ്പെടെ ഇടപെട്ടിരുന്നു.നിർമാണം 2 ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്. നിർമാണം കഴിഞ്ഞ് മഴ പെയ്തപ്പോൾ ചിറയുടെ കരിങ്കൽ കെട്ട് നടത്തിയ ഭാഗത്ത് ചോർച്ചയുണ്ടാവുകയായിരുന്നു. ഇതോടെ സ്ഥലം കൃഷിക്കുപകരിക്കാത്ത സ്ഥിതിയിൽ തന്നെയാണ് തുടരുന്നതെന്നും കല്ലൂക്കാരൻ കൊച്ചപ്പന്റെ പരാതിയിൽ പറയുന്നു.
ഇക്കാര്യം തൃക്കൂർ പഞ്ചായത്ത് അസി. എൻജിനീയറെ വിവരമറിയിച്ചിട്ടും നിസ്സംഗത പാലിക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു. വിഷയത്തിൽ നിയമസഭ ലോക്കൽ ഫണ്ട്സ് കമ്മിറ്റി ചെയർമാൻ, കെ.കെ.രാമചന്ദ്രൻ എംഎൽഎ, കലക്ടർ, തൃശൂർ എൽഎസ്ജിഡി എക്സിക്യുട്ടിവ് എൻജിനീയർ, വിജിലൻസ് ഡിവൈഎസ്പി എന്നിവർക്കും കൊച്ചപ്പൻ പരാതി നൽകിയിട്ടുണ്ട്.