ADVERTISEMENT

പുന്നയൂർക്കുളം ∙ ചാവക്കാട് താലൂക്കിലെ മിക്ക റേഷൻ കടകളിലും പച്ചരി സ്റ്റോക്ക് ഉണ്ടായിട്ടും വിതരണം ചെയ്യുന്നില്ലെന്ന് പരാതി. കടയുടെ മുന്നിലെ ബോർഡിൽ പച്ചരി സ്റ്റോക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നൽകുന്നില്ലെന്നാണ് ആക്ഷേപം. ഇത് കാർഡ് ഉടമകളും റേഷൻ കട ജീവനക്കാരും തമ്മിലുള്ള തർക്കത്തിനും ഇടയാക്കുന്നു. പച്ചരി സ്റ്റോക്ക് ഉണ്ടായിട്ടും 3 കിലോഗ്രാം മട്ടയും ഒരു കിലോഗ്രാം പുഴുക്കല്ലരിയുമാണ് ഈ മാസം പിങ്ക് കാർഡിൽ നൽകുന്നത്. കാർഡ് ഉടമകളുടെ താൽപര്യം പരിഗണിക്കാതെ ഉദ്യോഗസ്ഥരുടെ ഇഷ്ടമാണ് ഏത് അരി ഉപയോഗിക്കണമെന്ന് നിശ്ചയിക്കുന്നതെന്ന് ഇവർ പരാതിപ്പെടുന്നു. പല മാസങ്ങളിലും ഇതുതന്നെയാണ് പതിവ്. 

ജില്ലാ സപ്ലൈ ഓഫിസറെ ഫോണിൽ വിളിച്ചു പച്ചരി നൽകുന്നില്ലെന്ന് പരാതിപ്പെട്ടപ്പോൾ, സ്‌റ്റോക്ക് നോക്കാൻ ഇവിടെ ആളുണ്ടെന്നും കിട്ടിയ അരി വാങ്ങിയാൽ മതി എന്നുമാണ് പ്രതികരിച്ചതെന്ന് തങ്ങൾപ്പടി സ്വദേശിയായ കാർഡ് ഉടമ ആരോപിച്ചു.സപ്ലൈ ഓഫിസിൽ നിന്നു പോളിസി കിട്ടാത്തതാണ് പച്ചരി നൽകാത്തതിനു കാരണമായി റേഷൻ കടക്കാർ പറയുന്നത്. ഓരോ മാസവും നിശ്ചയിക്കുന്ന പോളിസിക്ക് അനുസരിച്ചാണ് മട്ട,പുഴുക്കല്ലരി,പച്ചരി,ഗോതമ്പ് എന്നിവ വിതരണം ചെയ്യുന്നത്. ഓരോ മാസവും മാറ്റമുണ്ടാകും. 

ഷോപ്പുകളിൽ മുൻ മാസങ്ങളിലെ ബാക്കി ഉൾപ്പെടെ 500-2000 കിലോഗ്രാം എങ്കിലും പച്ചരി സ്‌റ്റോക്ക് ഉണ്ടെന്നും സ്റ്റോക്ക് വിതരണം ചെയ്യാൻ കഴിയാത്തത് പ്രയാസമുണ്ടാക്കുന്നതായും കടക്കാരും സമ്മതിക്കുന്നു. താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും വിതരണത്തിനുള്ള സ്റ്റോക്ക് എത്താത്തതിനാലാണ് പച്ചരി വിതരണം ചെയ്യാത്തതെന്ന് ചാവക്കാട് താലൂക്ക് സപ്ലൈ ഓഫിസർ പറഞ്ഞു. ചിലയിടങ്ങളിൽ മട്ട അരിക്ക് ആവശ്യക്കാർ കൂടുതലുണ്ടെങ്കിൽ മറ്റിടങ്ങളിൽ പച്ചരിയോടാകും താൽപര്യം. പോളിസി നിശ്ചയിക്കുന്നതിനു അനുസരിച്ചാണ് റേഷൻ കടകളിൽ വിതരണം നടക്കൂ എന്നും ഓഫിസർ അറിയിച്ചു.

English Summary:

Controversy erupts in Chavakkad Taluk as ration shops allegedly refuse to distribute available raw rice to cardholders, causing frustration and raising concerns about unfair practices within the public distribution system.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com