ശബരിമല സീസൺ: ഗുരുവായൂരിൽ തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും
Mail This Article
ഗുരുവായൂർ ∙ശബരിമല സീസണിൽ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പാർക്കിങ്ങിന് കൂടുതൽ സ്ഥലം ഏർപ്പെടുത്തും. പാഞ്ചജന്യത്തിന് പിന്നിലെ ദേവസ്വം ക്വാർട്ടേഴ്സ് സ്ഥലം പാർക്കിങ് ഗ്രൗണ്ടാക്കും. കിഴക്കേനട അമ്പാടി പാർക്കിങ് ഗ്രൗണ്ടിൽ നഗരസഭ ഇരുചക്ര വാഹന പാർക്കിങ് ഏർപ്പെടുത്തും. മറ്റു 3 നടകളിൽ ദേവസ്വം പാർക്കിങ് ഒരുക്കണം.
ഫുട്പാത്ത് കച്ചവടം ഒഴിവാക്കും. നിലവിലെ വൺവേ സംവിധാനം തുടരും. തിരക്കേറിയ ദിവസങ്ങളിൽ ഓട്ടോ, ഇരുചക്ര വാഹനങ്ങളും വൺവേയുടെ ഭാഗമാക്കുന്നത് പൊലീസ് തീരുമാനിക്കും. അപ്സര ജംക്‌ഷനിലെ തിരക്കു കുറയ്ക്കും. സുരക്ഷയ്ക്ക് കൂടുതൽ പൊലീസിനെ ആവശ്യപ്പെടും. നവംബർ 16 മുതൽ നഗരസഭ ഓഫിസ് പരിസരത്ത് 24 മണിക്കൂർ പ്രാഥമിക ശുശ്രൂഷ കേന്ദ്രം തുറക്കും. പ്ലാസ്റ്റിക് ബാഗുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന പാത്രങ്ങളും നിരോധിക്കും.
ബസ് പാർക്കിങ് മായ ബസ് സ്റ്റാൻഡിൽ തന്നെ
ഗുരുവായൂർ ∙ ടൂറിസ്റ്റ് വാഹനങ്ങളുടെ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തും. കൊടുങ്ങല്ലൂർ, കുന്നംകുളം ബസ് പാർക്കിങ് പടിഞ്ഞാറെ നടയിലെ മായ ബസ് സ്റ്റാൻഡിലേക്ക് മാറ്റാൻ ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗം തീരുമാനിച്ചു. ഇപ്പോൾ നഗരസഭ ഗ്രൗണ്ടിലാണ് ബസുകൾ നിർത്തുന്നത്. ഇതിനായി പൊലീസ് ബസ് ഉടമകളുടെ യോഗം വിളിക്കും. തൃശൂർ ബസുകൾ വടക്കേനട ബഹുനില പാർക്കിങ് കേന്ദ്രത്തിൽ പാർക്കിങ് തുടരും. ബസ് സ്റ്റാൻഡ് നിർമാണം നടക്കുന്നതിനാലാണ് മാറ്റം.