ഇഴജന്തുക്കളുടെ കേന്ദ്രമായി കെഎസ്‍ഇബി കെട്ടിടം
Mail This Article
കല്ലേറ്റുംകര∙ പ്രവർത്തനരഹിതമായ കെഎസ്‍ഇബി സബ് എൻജിനീയർ ഓഫിസ് കെട്ടിടം പാമ്പുകളുടെ കേന്ദ്രമാകുന്നതായി പരാതി. കെ. കരുണാകരൻ മെമ്മോറിയൽ പോളി ടെക്നിക്, ആളൂർ പൊലീസ് സ്റ്റേഷനും ബാങ്ക് ഓഫിസ്, വളം ഡിപ്പോ എന്നിവ പ്രവർത്തിക്കുന്ന സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് കെഎസ്‍ഇബി കോംപൗണ്ടിൽ നിന്ന് ഇഴജന്തുക്കൾ കയറുന്നത് പതിവായതോടെ നടപടി എടുക്കാൻ ആവശ്യപ്പെട്ട് കലക്ടർ, പഞ്ചായത്ത്, പൊലീസ് എന്നിവർക്ക് ബാങ്ക് അധികൃതർ പരാതി നൽകി.
ഭാഗികമായി കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിന്റെ കൂടി ഉടമസ്ഥതയിലുള്ള ഭൂമിയിൽ മുപ്പതു വർഷം മുൻപാണ് ഓഫിസ് പ്രവർത്തനം ആരംഭിച്ചത് . പിന്നീട് 2202ൽ സെക്‌ഷൻ ഓഫിസായി ഉയർത്താൻ തീരുമാനിച്ചെങ്കിലും 2 വർഷം മുൻപ് പ്രവർത്തനം അവസാനിപ്പിച്ചു.കെട്ടിടത്തിന്റെ മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗം പുല്ല് വളർന്നു നിൽക്കുകയാണ്. സാധന സാമഗ്രികൾ കെട്ടിടത്തിന് പുറത്ത് തുരുമ്പെടുത്ത് നശിച്ചു തുടങ്ങി.
പരിസരം കാടുകയറിയതോടെ പറമ്പിലെ വലിയ മരങ്ങളുടെ ശാഖകളിലൂടെ പൊലീസ് സ്റ്റേഷൻ ബാങ്ക് കെട്ടിടം എന്നിവയിലേക്ക് പാമ്പുകൾ കയറുന്നത് പതിവാണെന്ന് ജീവനക്കാർ പറഞ്ഞു. ശോചനീയമായ കെട്ടിടവും കാടുകയറിയ പറമ്പും ശുചീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം സമീപ സ്ഥാപനങ്ങളിലെ ജീവനക്കാർ ആവശ്യപ്പെട്ടു.