ആമ്പല്ലൂരിലെ ഗതാഗതക്കുരുക്ക്: മോട്ടർ വാഹന വകുപ്പ് പരിശോധിച്ചു
Mail This Article
ആമ്പല്ലൂർ ∙ അടിപ്പാത നിർമാണം ആരംഭിച്ചതുമുതൽ ദേശീയപാതയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മോട്ടർ വാഹന വകുപ്പ് പരിശോധന നടത്തി. വീതി കൂട്ടിയ സർവീസ് റോഡിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി ഗതാഗതം സുഗമമാക്കണമെന്ന് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ കെ.ബി.സിന്ധു അടിപ്പാത നിർമാണ കമ്പനിക്ക് നിർദേശം നൽകി. സർവീസ് റോഡ് വീതികൂട്ടി നിർമാണം പൂർത്തിയാക്കിയ ശേഷം മാത്രമേ ദേശീയപാതയിൽ ഗതാഗതം തടഞ്ഞ് അടിപ്പാത നിർമാണം ആരംഭിക്കാവൂവെന്ന് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ മുൻപ് നിർദേശം ഉയർന്നിരുന്നെങ്കിലും കരാർ കമ്പനി ചെവികൊണ്ടിരുന്നില്ല. ഇതേത്തുടർന്ന് അടിപ്പാത നിർമാണം ആരംഭിച്ചതുമുതൽ വലിയ ഗതാഗതക്കുരുക്കാണ് ആമ്പല്ലൂരിൽ രൂപപ്പെട്ടത്.
വരന്തരപ്പിള്ളി റോഡിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പെട്രോൾ പമ്പിനു മുൻപിലുള്ള യു ടേണിലൂടെ എതിർവശത്തെ സർവീസ് റോഡിൽ പ്രവേശിച്ചാണ് പോകുന്നത്. യുടേൺ, സർവീസ് റോഡുമായി ചേരുന്ന ഭാഗത്താണ് വാഹനത്തിരക്ക് ഏറുന്നത്.യു ടേണിലെ വാഹനങ്ങളും ചാലക്കുടി ഭാഗത്തുനിന്നും സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങളും ഒന്നിച്ചെത്തുമ്പോൾ കടന്നുപോകാൻ ബുദ്ധിമുട്ടുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് വിലയിരുത്തലുണ്ട്. ആർടിഒ കെ.ബി.സിന്ധു, ഇൻസ്‌പെക്ടർമാരായ സജി തോമസ്, കെ.ബി.ഷിജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.