അണ്ടത്തോട് ആരോഗ്യ കേന്ദ്രം ജീവനക്കാരില്ല; ലാബ് പൂട്ടി
Mail This Article
പുന്നയൂർക്കുളം ∙അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ലാബ് പൂട്ടി. നേരത്തെ ആഴ്ചയിൽ 6ദിവസം പ്രവർത്തിച്ചിരുന്ന ലാബ് പിന്നീട് ആഴ്ചയിൽ 3 ദിവസമാക്കി ചുരുക്കുകയും രണ്ട് ആഴ്ച മുൻപ് പ്രവർത്തനം അവസാനിപ്പിക്കുകയുമായിരുന്നു. ഇതിനാൽ ഇവിടെ എത്തുന്ന രോഗികൾ വലയുകയാണ്. ആർദ്രം പദ്ധതി പ്രകാരം ഡോക്ടർക്ക് പുറമേ ഒരു പാരാമെഡിക്കൽ സ്റ്റാഫിനെ മാത്രമേ നിയമിക്കാൻ പാടുള്ളൂ എന്ന മാർഗരേഖ സർക്കാർ കർശനമാക്കിയതാണ് താഴപ്പിഴയ്ക്ക് കാരണം.
കഴിഞ്ഞ ഏപ്രിൽ മുതൽ ഫാർമസിസ്റ്റിനെ നിലനിർത്തി. ഇൗവനിങ് ഒപി കൂടി ഉള്ളതിനാൽ ഫാർമസി ഒഴിവാക്കാൻ കഴിയില്ലെന്നതിനാലായിരുന്നു ഇത്. ലാബ് ടെക്നീഷനു ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഫണ്ടിൽ നിന്നു വേതനം കൊടുക്കാനും തീരുമാനിച്ചു. കമ്മിറ്റിയിൽ ഫണ്ട് കുറവായതിനാൽ ലാബിന്റെ പ്രവർത്തനം ആഴ്ചയിൽ 3 ദിവസമാക്കി ചുരുക്കുകയും ചെയ്തു.
ഫലത്തിൽ ഇത് രോഗികൾക്ക് ഗുണമില്ലാത്തതും ലാബ് ടെക്നീഷ്യനു ഇരട്ടിപ്പണിയും എന്ന നിലയിലായി. ലാബ് പരിശോധന ഫലം കിട്ടാൻ രോഗികൾ 2 ദിവസം കാത്തിരിക്കേണ്ടിവന്നു. ടെക്നീഷ്യനാവട്ടെ 2 ദിവസത്തെ ടെസ്റ്റുകൾ ഒറ്റ ദിവസം ചെയ്യേണ്ട അവസ്ഥയായി. ആറ് മാസം ഇങ്ങനെ പ്രവർത്തിച്ചെങ്കിലും ടെക്നീഷ്യൻ ഇവിടുത്തെ ജോലി ഉപേക്ഷിച്ചതോടെ ലാബ് പൂട്ടുകയായിരുന്നു. ഇതിനാൽ ലാബ് ടെസ്റ്റ് ആവശ്യമായ രോഗികൾക്ക് മരുന്നു കുറിക്കാൻ ഡോക്ടർമാർക്ക് കഴിയാത്ത അവസ്ഥയാണ്.
ലാബ് പരിശോധന വേണ്ടവർ സ്വകാര്യ ലാബുകളെ ആശ്രയിക്കണം. അതുമല്ലെങ്കിൽ പൊന്നാനി, ചാവക്കാട് താലൂക്ക് ആശുപത്രികളിൽ പോകണം. ലാബ് ടെക്നീഷ്യന്റെ ഒഴിവിലേക്ക് പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും ആഴ്ചയിൽ 3 ദിവസം മാത്രം ജോലി എന്നത് ഉദ്യോഗാർഥികൾ എത്താൻ തടസമാകുമെന്ന് പറയുന്നു. എല്ലാ ദിവസവും ലാബ് പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.