കലക്ടറുടെ ഉത്തരവ്: ആശാരിപ്പാറ, താണിപ്പാറ കുളങ്ങൾ റവന്യു ഭൂമി
Mail This Article
പോട്ട ∙ ആശാരിപ്പാറ, താണിപ്പാറ കുളങ്ങൾ റവന്യു പുറമ്പോക്ക് ഭൂമിയാണെന്നും ഭൂസംരക്ഷണ നിയമപ്രകാരം റവന്യു ഭൂമി സംരക്ഷിക്കാനുള്ള നടപടി തഹസിൽദാർ (ഭൂരേഖ) സ്വീകരിക്കണമെന്നും കാണിച്ചു കലക്ടർ നിർദേശം നൽകി. ഈ കുളങ്ങളിൽ മത്സ്യകൃഷി നടത്താൻ സഹകരണ ബാങ്കിനു നഗരസഭ നേരത്തെ അനുമതി നൽകിയിരുന്നു. കുളത്തിലെ മത്സ്യകൃഷിയുടെ വിളവ് മൂന്നാഴ്ചയ്ക്കകം എടുക്കാൻ സഹകരണ ബാങ്കിന് അനുമതി നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 13ലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണു കലക്ടറുടെ ഉത്തരവ്. കുളങ്ങൾ പാട്ടത്തിനു നൽകാൻ നഗരസഭയ്ക്ക് അധികാരമില്ലെന്നും ഇവിടെ നടത്തിയിരുന്നത് അനധികൃത മത്സ്യകൃഷിയാണെന്നും കാണിച്ചു സിപിഎം കലക്ടർക്കു പരാതി നൽകിയിരുന്നു. മത്സ്യകൃഷിക്ക് എതിരെ നേരത്തെ സിപിഎം പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും മീൻ പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ, സഹകരണ ബാങ്ക് സ്ഥാപിച്ച വല സിപിഎം പ്രവർത്തകർ നശിപ്പിച്ചെന്നും സഹകരണ ബാങ്ക് വളർത്തിയിരുന്ന മീൻ അനധികൃതമായി പിടിച്ചെന്നും കാണിച്ചു ബാങ്ക് കോടതിയെ സമീപിച്ചു.
തുടർന്നാണ് അനധികൃത മത്സ്യക്കൃഷിക്ക് എതിരെ നടപടിയെടുക്കാൻ കലക്ടറോടു കോടതി നിർദേശിച്ചത്. നടപടിയെടുക്കുന്നുണ്ടെങ്കിൽ നഗരസഭയെയും ഹർജി നൽകിയ സഹകരണ ബാങ്കിനെയും അറിയിക്കണമെന്നും കോടതി നിർദേശിച്ചു. അതേ സമയം 3 ആഴ്ച വരെ മീൻ പിടിക്കാൻ സഹകരണ ബാങ്കിന് അനുമതി നൽകിയ കലക്ടറുടെ ഉത്തരവിൽ സിപിഎം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.