കൊരട്ടിയിൽ പൊലീസ് ക്വാർട്ടേഴ്സുകൾ രണ്ട്; ഉപയോഗിക്കാനാവില്ലെന്നു മാത്രം
Mail This Article
കൊരട്ടി ∙ പൊലീസ് സ്റ്റേഷനു സമീപം രണ്ട് ക്വാർട്ടേഴ്സുകളുണ്ടെങ്കിലും രണ്ടും ഉപയോഗിക്കാനാകാത്ത സ്ഥിതിയിൽ. ആദ്യത്തെ ക്വാർട്ടേഴ്സ് കാലപ്പഴക്കം കാരണം പൊളിച്ചു മാറ്റാൻ നിർദേശമുള്ളത്. പുതിയതായി മറ്റൊന്നു പണി തീർത്തെങ്കിലും ശുദ്ധജലം ലഭ്യമല്ലാത്ത കാരണം ഇതുവരെ ഉപയോഗിക്കാനായില്ല.
കിണറുണ്ടെങ്കിലും വെള്ളം എടുത്താൽ ചെളിവെള്ളമാണു കിട്ടിയിരുന്നത്. 8 ക്വാർട്ടേഴ്സുകളാണു പുതിയ കെട്ടിടത്തിലുള്ളത്. പഴയ ക്വാർട്ടേഴ്സ് കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ വിശ്രമത്തിനും മറ്റും ഉപയോഗിക്കുന്നത് ഇവിടമാണ്. തൊട്ടടുത്ത വൈഗൈ ത്രെഡ്സ് വളപ്പിൽ കാടു മൂടിയ നിലയിലായതിനാൽ അവിടെ നിന്ന് ഇഴജന്തുക്കൾ എത്തി താവളമാക്കുമെന്നാണ് ആശങ്ക.
ക്വാർട്ടേഴ്സ് കെട്ടിടത്തിനു മുകളിലേക്കു ഒരു മരം മറിഞ്ഞു വീണിട്ടു കാലങ്ങളായെങ്കിലും വെട്ടി നീക്കാൻ ഇതുവരെ നടപടിയുണ്ടായില്ല. സ്വന്തമായി ക്വാർട്ടേഴ്സ് കെട്ടിടം ഉണ്ടായിട്ടും പൊലീസ് ഉദ്യോഗസ്ഥർക്കു താമസത്തിനു മറ്റിടങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
പഴയ കെട്ടിടം പൊളിച്ചു മാറ്റാനായി പിഡബ്ല്യുഡി അധികൃതർ എത്തി എസ്റ്റിമേറ്റ് എടുത്തെങ്കിലും തുടർ നടപടികളുണ്ടായില്ല.
കിണർ വൃത്തിയാക്കിയെന്നും ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ പറയുന്നു. പുതിയ ക്വാർട്ടേഴ്സിലേക്ക് ഇതര സ്റ്റേഷനുകളിൽ നിന്നുള്ളവർക്കു കൂടി താമസത്തിനു സൗകര്യമുണ്ടെന്നും അതിനുള്ള നടപടിക്കു ശ്രമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.