ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ വെള്ളി ഗോളക കവർന്ന കേസ്: പ്രതി അറസ്റ്റിൽ
Mail This Article
പുന്നയൂർക്കുളം ∙ ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലിൽ ചാർത്തിയ വെള്ളി ഗോളക കവർന്ന കേസിലെ പ്രതി പിടിയിൽ. മല്ലാട് പുതുവീട്ടിൽ മനാഫ് (45) ആണ് ഇരിങ്ങാലക്കുടയിൽ അറസ്റ്റിലായത്. 13 നു പുലർച്ചെയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെ ചാവക്കാട് പുന്ന അയ്യപ്പ ക്ഷേത്രത്തിലും നരിയമ്പുള്ളി ക്ഷേത്രത്തിലും സമാന രീതിയിൽ മോഷണം നടന്നു. മൂന്നിടത്തും ഒരാൾ തന്നെയാണ് മോഷണം നടത്തിയതെന്ന് വ്യക്തമായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മനാഫ് വലയിലായത്. ഇയാൾ മൊബൈർ ഫോൺ ഉപയോഗിക്കാത്തത് പൊലീസിനെ വലച്ചെങ്കിലും ക്ഷേത്രത്തിലേത് ഉൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ പ്രതിയെ പിടിക്കാൻ സഹായകമായി. ഗോവിന്ദപുരം ക്ഷേത്രത്തിലെ വെള്ളി ഗോളക ഉരുക്കിയ രൂപത്തിൽ കണ്ടെത്തി. നഷ്ടപ്പെട്ട അത്രയും വെള്ളി തിരിച്ചു കിട്ടിയിട്ടില്ലെന്നാണ് സൂചന. ദണ്ഡാരത്തിലെ പണം പൊലീസിന് ലഭിച്ചു. കുന്നംകുളത്ത് നിന്നാണ് ഗോളക ഉരുക്കിയിട്ടുള്ളത്. സംഭവദിവസം നാലപ്പാട്ട് റോഡിലെ വീട്ടിൽ നിന്നു മോഷ്ടിച്ച ബൈക്ക് കണ്ടെത്തിയിട്ടില്ല. നരിയമ്പുള്ളി ക്ഷേത്രത്തിലെ വിഷ്ണുമായ വിഗ്രഹവും കിരീടത്തിൽ ഉപയോഗിച്ച സ്വർണ തകിട് ഉൾപ്പെടെയുള്ളവയും കണ്ടെടുത്തു.
പെരുമ്പടപ്പ് കാട്ടുമാടം മനയിലെ മോഷണ കേസിൽ അറസ്റ്റിലായി ജൂണിൽ പുറത്തിറങ്ങിയ ശേഷം ഇയാൾ ചാവക്കാട്, വടക്കേകാട് മേഖലയിൽ മോഷണം നടത്തി ഇരിങ്ങാലക്കുടയിലെ വാടക ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുവായൂർ എസിപി എം.കെ.ബിജുവിന്റെ നേതൃത്വത്തിൽ വടക്കേകാട് എസ്എച്ച്ഒ കെ.പി.ആനന്ദ്,എസ്ഐമാരായ സി.എൻ.ഗോപിനാഥൻ, പി.എ.സുധീർ,കെ.എ.യൂസഫ്, പി.എസ്.സാബു,എഎസ്ഐ രാജൻ, സിപിഒ സതീഷ് ചന്ദ്രൻ,റോബർട്ട്,ഹരി,രതീഷ് കുമാർ,നിഥിൻ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.