തൃശൂർ ശക്തൻ സ്റ്റാൻഡിലെത്തുന്ന ബസുകൾ ഇന്ന് പണിമുടക്കും
Mail This Article
തൃശൂർ ∙ ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾ ജില്ലാ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്നു പണിമുടക്കും. ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് സ്വകാര്യ ബസുകൾക്കെതിരെ ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്കാരം പിൻവലിക്കുക, സ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്. നിവേദനം സമരസമിതി കലക്ടർക്കു നൽകി. കൂർക്കഞ്ചേരി–കൊടുങ്ങല്ലൂർ, പുഴയ്ക്കൽ–കുന്നംകുളം റൂട്ടുകളിൽ റോഡ് പണികൾ നടക്കുന്നതിനാൽ വിവിധ പ്രദേശങ്ങളിലെ വഴി തിരിച്ചുവിടൽ മൂലം സമയത്തിനു സർവീസ് നടത്താനോ തൊഴിലാളികൾക്കു പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനോ സാധിക്കുന്നില്ലെന്നും സ്റ്റാൻഡിനകത്തെ റോഡുകൾ ഒന്നര വർഷമായി തകർന്നു കിടക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഇന്നലെ ചേർന്ന സമരസമിതി യോഗത്തിൽ ജില്ലാ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് കെ.വി.ഹരിദാസ്, സെക്രട്ടറി കെ.പി.സണ്ണി, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എം.വൽസൻ, ജനറൽ സെക്രട്ടറി കെ.ഹരീഷ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.യു.ഷംസുദീൻ, സെക്രട്ടറി കെ.കെ.ഹരിദാസ്, എ.ആർ.ബാബു എന്നിവർ പ്രസംഗിച്ചു. ഇന്നലെ വൈകിട്ട് കലക്ടർ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്ന് നേതാക്കൾ പറഞ്ഞു. യോഗത്തിൽ മേയർ പങ്കെടുത്തില്ല.