നഗരസഭാ ഓഫിസിൽ നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു; ആളൊഴിഞ്ഞ വീടുകൾ ഉടൻ പൊളിച്ചുനീക്കും
Mail This Article
ഇരിങ്ങാലക്കുട∙ കരുവന്നൂർ ബംഗ്ലാവ്, കണക്കൻകോട്ട ചേലക്കടവ് മേഖലയിലെ ആളൊഴിഞ്ഞ വീടുകൾ പൊളിച്ചുനീക്കാനുള്ള തീരുമാനം നടപ്പാക്കാത്തതിനെതിരെ നാട്ടുകാർ എൽഡിഎഫ്, ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ ചെയർപഴ്സന്റെ ചേംബറിൽ പ്രതിഷേധിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ കുടുംബങ്ങളെയും ഒഴിപ്പിക്കുമെന്നും അതുവരെ മേഖലയിൽ പൊലീസ് കാവൽ ഏർപ്പെടുത്തുമെന്നും അധികൃതർ ഉറപ്പുനൽകിയതോടെ നാട്ടുകാർ പിരിഞ്ഞുപോയി. വീടുകൾ പൊളിച്ചു നീക്കാൻ നേരത്തെ കൗൺസിൽ യോഗം എെക്യകണ്ഠേന തീരുമാനം എടുത്തിട്ടുള്ളതാണ്. എന്നാൽ, ഒരു കുടുംബം ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബന് ഒപ്പമെത്തി ഒഴിഞ്ഞുപോകാൻ സാവകാശം തേടി.
ഇതിൽ ഹിയറിങ് നടത്താൻ കുടുംബത്തിന് നോട്ടിസ് നൽകിയിട്ടുണ്ടെന്നും ഇതു പൂർത്തിയാക്കാതെ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നും സെക്രട്ടറി അറിയിച്ചതായി നഗരസഭ അധ്യക്ഷ മേരിക്കുട്ടി ജോയ് പറഞ്ഞതോടെ സെക്രട്ടറിയെ വിളിച്ചുവരുത്തണമെന്നു സമരക്കാർ നിലപാടെടുത്തു. തുടർന്നു പൊലീസിന്റെ സാന്നിധ്യത്തിൽ സെക്രട്ടറിയുമായി ചർച്ച നടത്തി. പരാതിക്കാരുടെ ഹിയറിങ് നടത്തി 9ന് മുൻപ് മുഴുവൻ കുടുംബങ്ങളെയും ഒഴിപ്പിച്ച് വാല്യുവേഷൻ നടപടി പൂർത്തീകരിച്ച് പൊളിച്ചുനീക്കാനും അതുവരെ മേഖലയിൽ പൊലീസ് കാവൽ ഏർപ്പെടുത്താനുമാണു തീരുമാനം. 2018ൽ പ്രളയ ദുരിതാശ്വാസ തുക ലഭിച്ച കുടുംബങ്ങൾ താമസം ഒഴിഞ്ഞ വീടുകളിൽ തമ്പടിച്ച സംഘം ആഴ്ചകൾക്ക് മുൻപ് നാട്ടുകാരായ 2 പേരെ ആക്രമിച്ചിരുന്നു. ലഹരി സംഘങ്ങളാണ് ഈ വീടുകളിൽ തമ്പടിക്കുന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു.
മറ്റൊരിടത്ത് സ്ഥലം വാങ്ങി വീട് നിർമിക്കാൻ പ്രളയ ദുരിതാശ്വാസ തുക അനുവദിച്ചിട്ടും ഒഴിഞ്ഞു പോകാത്ത കുടുംബത്തെ ഒഴിപ്പിക്കണമെന്നും താമസമില്ലാത്ത വീടുകൾ ഉടൻ പൊളിച്ചു നീക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം. വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്ഥിരസമിതി അധ്യക്ഷ ഫെനി എബിൻ വെള്ളാനിക്കാരൻ, എൽഡിഎഫ് കൗൺസിലർമാരായ അൽഫോൻസാ തോമസ്, കെ.പ്രവീൺ, വാർഡ് കൗൺസിലർ രാജി കൃഷ്ണകുമാർ, ബിജെപി കൗൺസിലർമാരായ ടി.കെ.ഷാജു, അമ്പിളി ജയൻ, വിജയകുമാരി അനിലൻ, മായാ അജയൻ, സ്മിത കൃഷ്ണകുമാർ, ആർച്ച അനീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.