റേഞ്ച് എവിടെ മക്കളേ?
Mail This Article
അതിരപ്പിള്ളി ∙ മലക്കപ്പാറയിൽ സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായി സ്ഥാപിച്ച മൊബൈൽ ടവറുകളുടെ പ്രവർത്തനം ഇനിയും തുടങ്ങിയില്ല. കഴിഞ്ഞ വർഷം ഡിസംബറിൽ ടവർ സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് നിർമാണം ആരംഭിച്ചു. ഏഴു മാസം മുൻപ് നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല. പദ്ധതി നടപ്പിലാകുന്നതോടെ കാലങ്ങളായി ജനങ്ങൾ ഉന്നയിച്ചിരുന്ന നെറ്റ് വർക്ക് ലഭിക്കുന്നില്ലെന്ന പരാതിക്ക് ശാശ്വത പരിഹാരമാകുമെന്നാണ് കരുതുന്നത്.
പുതുക്കാട്, തമിഴ്നാട് അതിർത്തിയായ എൻ സി എന്നിവിടങ്ങളിലാണ് ടവറുകൾ സ്ഥാപിച്ചിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള വെട്ടിവിട്ടകാട്, അരയക്കാപ്പ് ആദിവാസി ഗ്രാമങ്ങളിൽ മൊബൈൽ റേഞ്ച് ലഭിക്കുന്നതിന് വേണ്ടിയാണ് ടവറുകൾ സ്ഥാപിച്ചത്. പദ്ധതി പ്രാബല്യത്തിലായാൽ അപകട ഘട്ടങ്ങളിൽ പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിന് ബന്ധപ്പെടാൻ പോലും കഴിയാത്ത അവസ്ഥയെ മറികടക്കാൻ കാടിനുള്ളിൽ കഴിയുന്നവർക്ക് സാധിക്കും.
കൂടാതെ വന്യമൃഗ ആക്രമണ ഭീഷണിയുള്ള തേയില തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും നെറ്റ് വർക്ക് പരിധിയിൽ വരും.നിലവിൽ എൻ സി മേഖലയിൽ താമസിക്കുന്നവരും ആദിവാസി ഗ്രാമത്തിലെ ജനങ്ങളും കിലോമീറ്ററുകൾ നടന്നാണ് ഫോൺ വിളിക്കുന്നതിനായി മൊബൈൽ റേഞ്ചിലെത്തുന്നത്. പഞ്ചായത്തിൽ ഏഴു ടവറുകൾ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.ഇടതൂർന്ന വനമേഖലയിൽ രണ്ടര കിലോമീറ്റർ പരിധിയിലും തുറസ്സായ സ്ഥലങ്ങളിൽ നാല് കിലോമീറ്റർ പരിധിയിലും നെറ്റ് വർക്ക് ലഭിക്കും. ഒരു മാസത്തിനുള്ളിൽ ടവറുകൾ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ അറിയിച്ചു.