മണച്ചാലിലെ കൃത്രിമ തടാകം: എളവള്ളിയുടെ ജലരക്ഷ ആകുമെന്ന് പഠനം
Mail This Article
എളവള്ളി ∙മഴവെള്ളത്തെ ആശ്രയിച്ച് പഞ്ചായത്തിൽ നിർമിക്കാനുദ്ദേശിക്കുന്ന മണച്ചാലിലെ കൃത്രിമ തടാകം ഭൂഗർഭ ജല ലഭ്യതകൾക്ക് പകരം വയ്ക്കാനാകുമെന്ന് വിദ്യാർഥികളുടെ പഠനം. തലക്കോട്ടുകര വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ബിടെക് സിവിൽ വിഭാഗം അവസാന വർഷ വിദ്യാർഥികളാണ് കൃത്രിമ തടാകം സംബന്ധിച്ച് പഠനം നടത്തിയത്. നേരത്തെ ഭൂഗർഭ ജലസ്രോതസുകൾ സംബന്ധിച്ച പഠനത്തിൽ ജല ലഭ്യത കുറവാണെന്നാണ് കണ്ടെത്തൽ. ഇതിനു പരിഹാരമായാണ് മഴ വെള്ളം സംഭരിച്ച് കൃത്രിമ തടാകം വഴി പഞ്ചായത്തിലേക്ക് ആവശ്യമായ മുഴുവൻ വെള്ളം ലഭ്യമാക്കാൻ കഴിയുമെന്ന കണ്ടെത്തൽ. വിദ്യാർഥികളായ പവൽ ബി.കുറ്റിക്കാട്, എം.പി.രശ്മി, ശിൽപ ടെൻസൺ, എൻ.കെ.ശിശിര എന്നിവർ ചേർന്നാണ് വിശദമായ പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയത്. മണച്ചാൽ പരിസരത്ത് കളിമൺ ഖനനം നടത്തി ഉപയോഗശൂന്യമായി മാറിയ 64 ഏക്കർ ഭൂമിയാണ് പഞ്ചായത്ത് കൃത്രിമ തടാകം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
ഇതിന്റെ പ്രാരംഭ നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്.മഴക്കാലത്ത് വാഴാനി, ചിമ്മിനി എന്നീ ഡാമുകളിൽ നിന്ന് തുറന്ന് വിട്ട് വാക പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം കൃത്രിമ തടാകത്തിൽ സംഭരിച്ച് മഹാ സംഭരണിയാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇത് കൃഷിക്കും ശുദ്ധജല പദ്ധതികൾക്കും പര്യാപ്തമാകുമെന്നാണ് കണക്കുകൂട്ടൽ.ഇതിനൊപ്പം മീൻ വളർത്തൽ, വിനോദസഞ്ചാരം, ആവാസ വ്യവസ്ഥകളുടെ സംരക്ഷണം, സൗരോർജ പദ്ധതി, പാർക്ക്, ബോട്ടിങ്, ഒൗഷധത്തോട്ടം എന്നിവ കൂടി വിഭാവനം ചെയ്യുന്നുണ്ട്. പമ്പിങ് സംവിധാനങ്ങൾ, തോടുകളുടെ പാർശ്വഭിത്തി, തടാകത്തിനു ചുറ്റും ബണ്ട് നിർമാണം, റോഡുകൾ, തടയണകൾ, റഗുലേറ്ററുകൾ എന്നിവയുൾപ്പെടെ 46 കോടി രൂപ പദ്ധതി ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിന്റെ പകർപ്പ് പഞ്ചായത്ത് ഓഫിസിലെത്തി വിദ്യാർഥികൾ പ്രസിഡന്റ് ജിയോ ഫോക്സിന് കൈമാറി.പദ്ധതി യാഥാർഥ്യത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.