രാഷ്ട്രീയ ശക്തി തെളിയിക്കും: സംവരണ സംരക്ഷണ സമിതി
Mail This Article
തൃശൂർ ∙ സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ മാറ്റങ്ങൾ വരുത്താൻ സംവരണ സമുദായങ്ങൾക്കു സാധിക്കുമെന്നും കേവലം 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുന്നവർ സംവരണ സമുദായത്തിന്റെ ശക്തി മനസ്സിലാക്കിയിട്ടില്ലെന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ പറഞ്ഞു. സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമര പ്രഖ്യാപന സമ്മേളനവും സാമൂഹിക നീതി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മണ്ഡലത്തിൽ 2 ലക്ഷം വരെ വോട്ടുകൾ സംവരണ സമുദായങ്ങൾക്കുണ്ട്. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ വഴി സംവരണക്കാർക്കു ഒട്ടേറെ തൊഴിൽ നഷ്ടപ്പെടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കു സംവരണത്തിനു വരുമാന പരിധിയും ഉപസംവരണവും നടപ്പാക്കരുത് എന്നാവശ്യപ്പെട്ടാണു സംഗമം നടത്തിയത്. കേരള വേലൻ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഭരണഘടനയ്ക്കു വേണ്ടി അംബേദ്കർ പറഞ്ഞ പ്രാതിനിധ്യ ജനാധിപത്യം സംരക്ഷിക്കുകയാണു സംവരണത്തിന്റെ യഥാർഥ ഉദ്ദേശ്യമെന്നു വിശിഷ്ടാതിഥി ദേശീയ ലോ അക്കാദമി മുൻ ഡയറക്ടർ ഡോ.മോഹൻ ഗോപാൽ ചൂണ്ടിക്കാട്ടി.ശക്തൻ സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച് തേക്കിൻകാട് മൈതാനം വരെ നടത്തിയ റാലിയിൽ 51 സംഘടനകളിൽ നിന്ന് 50,000ത്തിലധികം പേർ പങ്കെടുത്തു. സംവരണ സംരക്ഷണ സമിതി സമിതി ചെയർമാൻ സണ്ണി എം.കപിക്കാട്, ജനറൽ കൺവീനർ ടി.ആർ.ഇന്ദ്രജിത്ത്, ദലിത് സമുദായ മുന്നണി ജനറൽ സെക്രട്ടറി പി.എ.പ്രസാദ്, കേരള വേലൻ മഹാസഭ ജന.സെക്രട്ടറി എ.ബാഹുലേയൻ, കെവിഎസ്എസ് സംസ്ഥാന പ്രസിഡന്റ് വി.സി.വിജയൻ, അയ്യനവർ മഹാജന സംഘം പ്രസിഡന്റ് ഡോ.എസ്.ശശിധരൻ, കെഡിപി പ്രസീഡിയം അംഗം കെ.അംബുജാക്ഷൻ, ആദിവാസി ഏകോപന സമിതി പ്രസിഡന്റ് എം.ഐ.ശശീന്ദ്രൻ, ദലിത് വിമൻ കലക്ടീവ് സംസ്ഥാന സെക്രട്ടറി തങ്കമ്മ ഫിലിപ്, മലവേട്ടുവ മഹാസഭ ശങ്കരൻ മുണ്ടമാണി, പിആർഡിഎസ് ഹൈ കൗൺസിൽ അഗം കെ.ദേവകുമാർ, എസ്എസ്എസ് ട്രഷറർ വത്സകുമാരി, ഡിഇപിഎ ജനറൽ സെക്രട്ടറി മണികണ്ഠൻ കാട്ടാമ്പിള്ളി, കെഎസ്‌വിഎംഎസ് പ്രസിഡന്റ് ഹരീഷ് മുളഞ്ചേരി, കേരള പടന്ന മഹാസഭ പ്രസിഡന്റ് സി.വി.മണി, ഐഡിഎഫ് സംസ്ഥാന പ്രസിഡന്റ് വി.കെ.വിമലൻ,ഇ.കെ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.