നൃത്ത അരങ്ങേറ്റത്തിന് പക്കമേളം ഒരുക്കി കുട്ടികൾ; അപൂർവ കാഴ്ച ഗുരുവായൂരിൽ
Mail This Article
തൃശൂർ∙ കുട്ടികളുടെ നൃത്ത അരങ്ങേറ്റത്തിന് കുട്ടികൾ തന്നെ പക്കമേളം ചെയ്ത കാഴ്ച ഏവർക്കും കൗതുകമായി. അരങ്ങേറ്റത്തിന് വോക്കൽ, മൃദംഗം, നട്ടുവാംഗം എന്നിവയാണ് കുട്ടികൾ തന്നെ ഏറ്റെടുത്തത്. വർഷങ്ങളുടെ പരിശീലനം വേണ്ടതും അത്യന്തം ശ്രമകരവുമായ പക്കമേളമാണ് കുട്ടികൾ തൻമയത്തതോടെ പൂർത്തിയാക്കിയത്.
ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന അരങ്ങേറ്റത്തിൽ കലാമണ്ഡലം പ്രിയം ആനന്ദിന്റെ മകൾ നിരഞ്ജന ആനന്ദും ശിഷ്യ വിഷ്ണുപ്രിയ രാജേഷുമാണ് നട്ടുവാംഗം വായിച്ചത്. കലാമണ്ഡലം ഹരികൃഷ്ണന്റെയും കലാമണ്ഡലം കാർത്തികയുടെയും മകൻ ശ്രീരാം കൃഷ്ണയായിരുന്നു മൃദംഗം. കലാമണ്ഡലം ഷൈജുവിന്റെയും കലാമണ്ഡലം വേണിയുടെയും മകൾ സങ്കീർത്തന ഷൈജു ആയിരുന്നു വോക്കൽ.
ഗുരു കലാമണ്ഡലം പ്രിയം ആനന്ദിന്റെ നൃത്താർപ്പണയിലെ ശിഷ്യരാണ് ഏവരും. 22 കുട്ടികളാണ് അരങ്ങേറ്റത്തിന് വേദിയിൽ ചുവടുവച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥികളാണ് നിരഞ്ജനയും വിഷ്ണുപ്രിയയും. ശ്രീരാം കൃഷ്ണ ആറാം ക്ലാസ് വിദ്യാർഥിയും സങ്കീർത്തന പ്ലസ്‌വൺ വിദ്യാർഥിനിയുമാണ്.